Kerala
It is alleged that the Youth Congress leader tried to settle Kerala CMs gunmens attack case
Kerala

മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മർദനം: കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസിൽ 'സെറ്റിൽമെന്റ്' നടന്നെന്ന് ആരോപണം

Web Desk
|
5 Oct 2024 7:27 AM GMT

കേസ് എഴുതിത്തള്ളിയ വിവരം മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് ബോധപൂർവം മറച്ചുവച്ചെന്നാണ് ആക്ഷേപമുയരുന്നത്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഗൺമാന്മാർ മർദിച്ച കേസ് പാർട്ടി അറിയാതെ ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസില്‍ ആരോപണം. യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് ആരോപണമുയരുന്നത്. കേസ് എഴുതിത്തള്ളിയ വിവരം മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് ബോധപൂർവം മറച്ചുവച്ചെന്ന് ആക്ഷേപമുയരുന്നു.

അജയ് കുര്യാക്കോസിന്റെ നീക്കം സംശയകരമാണെന്നും പാർട്ടി അന്വേഷിക്കുമെന്നും കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ അറിയിച്ചു. ഒരു മാസം മുൻപ് റഫറൻസ് റിപ്പോർട്ട് അടക്കം കൈയിൽ കിട്ടിയിട്ടും കേസിലെ വാദിയായ അജയ് വിവരം നേതൃത്വത്തെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് കേസിൽ ഇരയാണ്. ഇദ്ദേഹത്തിനും കേസ് എഴുതിത്തള്ളിയതിനെ കുറിച്ച് അറിയില്ലെന്നു പറയുന്നതു സംശയകരമാണെന്നും ഷുക്കൂർ പറഞ്ഞു.

നവകേരള യാത്രയ്ക്കിടെയായിരുന്നു ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസിൽ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുന്നതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കുന്നതിനു വിചിത്രവാദവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ആഗസ്റ്റിൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമ്പോൾ തന്നെ അഭിഭാഷകൻ കൂടിയായ അജയ് കുര്യാക്കോസിന് ഇതിന്റെ പകർപ്പ് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം അദ്ദേഹം പാർട്ടിയിൽനിന്ന് ഉൾപ്പെടെ മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ മറുപടി പറയേണ്ടത് സംസ്ഥാന നേതൃത്വവും ആലപ്പുഴയിൽനിന്നുള്ള നേതാക്കളുമാണെന്ന് എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. താൻ ഇക്കാര്യത്തിൽ മറുപടി പറയുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി.

Summary: It is alleged that the Youth Congress leader tried to settle Kerala CM's gunmen's assault case

Similar Posts