പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
|സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേതൃത്വം നല്കി
തിരുവനന്തപുരം: നവകേരള സദസിൽ പ്രതിഷേധിക്കുന്ന കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 564 പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേതൃത്വം നല്കി.
കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പലയിടത്തും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിലും വയനാട് വൈത്തിരിയിലും മലപ്പുറത്തും നാദാപുരത്തും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടന്നു. ലപ്പുറം ജില്ലയിൽ 34 പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നേതാക്കളും - പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. എടക്കര പൊലീസ് സ്റ്റേഷൻ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എ സലീം ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
മലപ്പുറം വണ്ടൂരില്‍ നടന്ന മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.