Kerala
shafi parambil
Kerala

യൂത്ത് കോൺഗ്രസ് മാർച്ച്: കേസെടുത്ത് പൊലീസ്, ഷാഫി പറമ്പിൽ ഒന്നാം പ്രതി

Web Desk
|
11 Jan 2024 3:16 AM GMT

അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഷാഫി പറമ്പിൽ എം.എൽ.എയാണ് ഒന്നാം പ്രതി. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റു ആളുകൾ. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവയാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച്‌ നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിയിടാനും ശ്രമിച്ചു. പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

രാഹുലിന്റെ അറസ്റ്റിലൂടെ യൂത്ത് കോൺഗ്രസുകാർക്ക് ഒരു സന്ദേശം കൊടുക്കുകയാകണം ഉദ്ദേശമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു. ബാക്കി പ്രവർത്തകരും നോക്കിയിരുന്നോ എന്നാണ് സന്ദേശമെങ്കിൽ ബാക്കിയുള്ള പ്രവർത്തകർ കരുതിയിരിക്കുകയാണ്. ജയിലറകൾ നിറയ്ക്കാൻ പ്രവർത്തകർ തയ്യാറാണ്. വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതുകൊണ്ടോ റിമാൻഡ് ചെയ്തതുകൊണ്ടോ സമരങ്ങൾ അവസാനിക്കില്ല. സമര പരമ്പരകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത് എന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കും. പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

Similar Posts