കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി ഉന്തും തള്ളും
|ജീവനക്കാരെ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ അജ്‌മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നാണ് കെഎസ്ഇബി ചെയർമാൻ അറിയിച്ചിരിക്കുന്നത്
കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്‌മലിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥരെ അയക്കാൻ കെഎസ്ഇബി ചെയർമാന്റെ നിർദേശം. ജീവനക്കാരെ ആക്രമിക്കില്ല എന്ന ഉറപ്പ് വാങ്ങാൻ ഉദ്യോഗസ്ഥരെ അയക്കണമെന്നാണ് കലക്ടർക്ക് നൽകിയ നിർദേശം. ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കും.
അജ്മലിന്റെ പിതാവിന്റെ പേരിൽ 11 കണക്ഷനുകൾ ഉണ്ടെന്നും സ്ഥിരമായി വൈദ്യുതി ബില്ലടക്കാറില്ലെന്നും കെഎസ്ഇബി ചെയർമാൻ വിശദീകരിച്ചു. കണക്ഷൻ വിച്ഛേദിച്ച നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് റാന്തൽ കത്തിച്ച് പ്രതിഷേധിച്ചു.
തടയാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അജ്മലിന്റെ വീട്ടിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. തുടർന്ന് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.