മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡി.വൈ എഫ്.ഐക്കാർ മർദിച്ചതായി പരാതി
|യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അസീസ് പി.ടി, മുഹമ്മദ് യാസീൻ എന്നിവർക്കാണ് പരിക്കേറ്റത്
കോഴിക്കോട്: കുന്ദമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അസീസ് പി.ടി, മുഹമ്മദ് യാസീൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.
അതേസമയം ഫറോക്ക് ചുങ്കത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കിലാക്കി. ബേപ്പൂർ മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുതൽ തടങ്കൽ. ഉല്ലാസ് രാമനാട്ടുകാര, ജിനീഷ് മുല്ലശ്ശേരി, ഷാജഹാൻ, അലി എന്നിവരെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ മുക്കത്തെ നവകേരള സദസ്സ് നടക്കുന്ന പ്രദേശത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി.
അതിനിടെ മാനിപുരത്ത് നവകേരള ബസിന് നേരെ യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.പി.സി ജംഷിദിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. രാവിലെ മുക്കത്തെ നവകേരള സദസ്സ് പരിപാടി കഴിഞ്ഞ് കൊടുവള്ളി മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് ഈ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥരോ സുരക്ഷാ സന്നാഹമോ ഉണ്ടായിരുന്നില്ല.