യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; പെർഫോമൻസ് പട്ടിക വാട്സ്ആപ് വഴി ചോർന്നു
|തയ്യാറാക്കിയ പട്ടിക അതേപോലെ തന്നെ ചില ഗ്രൂപ്പ് നേതാക്കൾ പുറത്ത് വിട്ടെന്നാണ് ആരോപണം
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പട്ടിക ചോർന്നു. ദേശീയ നേതൃത്വം അഭിമുഖം നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കെ എസ് യു നേതാക്കളുടെ വാട്സ്ആപ് വഴിയാണ് പട്ടിക പുറത്തായത്. ചോർന്നതിന് പിന്നാലെ പട്ടിക ഔദ്യോഗികമായി വെബ്സൈറ്റിൽ പ്രസിദ്ദീകരിച്ചു.
സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മുതൽ നേതൃത്വം പിടിക്കാൻ വിവിധ ഗ്രൂപ്പുകൾ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമാണ് ഇപ്പോൾ ദേശീയ നേതൃത്വം തയ്യാറാക്കിയ പെർഫോമൻസ് പട്ടിക ചോർത്തിയത്. വിവിധ ജില്ലകളിൽ നിന്നായി 350ൽ പരം പേരെ അഭിമുഖം നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.
ഹൈ പെർഫോമൻസ് പട്ടിക എന്നും പെർഫോമൻസ് പട്ടിക എന്നും രണ്ട് രീതിയിലെ പട്ടികയാണ് തയ്യാറാക്കിയത്. ഇതിൽ ഹൈ പെർഫോമൻസ് പട്ടികയിൽ പെട്ട ആൾക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെക്കും പെർഫോമൻസ് പട്ടികയിൽ പെട്ട ആൾക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തെക്കും മത്സരിക്കാം.
ഭിന്നശേഷി, വനിത തുടങ്ങിയവുരുടെ പട്ടിക വെറെയുമുണ്ട്. ഇത് ദേശീയ നേതൃത്വം വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തി അതിന് ശേഷം നാമനിർദേശങ്ങൾ സ്വീകരിക്കും. ഇതാണ് രീതി. എന്നാൽ തയ്യാറാക്കിയ പട്ടിക അതേപോലെ തന്നെ ചില ഗ്രൂപ്പ് നേതാക്കൾ പുറത്ത് വിട്ടെന്നാണ് ആരോപണം. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വം നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ചോർച്ച എന്നും പറയുന്നുണ്ട്.
ഗ്രൂപ്പ് മത്സരം കടുക്കുന്നതിന്റെ ഭാഗമാണ് ഈ സംഭവവും കാണിക്കുന്നത്. ഇതോടെ ലോകസഭ തെരഞ്ഞെടുപ്പു വരെ സംസ്ഥാന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പു മാറ്റിവക്കണമെന്ന് കെപിസിസി ഇനിയും ആവശ്യപ്പെടാനാണ് സാധ്യത.