Kerala
Youth congress march against fuel cess
Kerala

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം: നിയമസഭയിലേക്ക് മാർച്ച്, ബൈക്ക് കത്തിച്ചു

Web Desk
|
6 Feb 2023 7:53 AM GMT

ഇന്ധന സെസ് പൂർണമായും പിൻവലിക്കും വരെ സമരം തുടരുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഇന്ധന സെസിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും. നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ ബൈക്ക് കത്തിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സംഘർഷമുണ്ടായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇന്ധന സെസ് പൂർണമായും പിൻവലിക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അറിയിച്ചിരിക്കുന്നത്. ഇത്രയും ജനവിരുദ്ധമായ ബജറ്റ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.

ഇന്ധന സെസിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം. നിയമസഭാ കവാടത്തിന് മുമ്പിൽ ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, മാത്യു കുഴൽനാടൻ, സി.ആർ മഹേഷ് എന്നിവർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹമിരിക്കുകയാണ്.

പ്ലക്കാർഡുമായാണ് പ്രതിപക്ഷം അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്‍റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സംസ്ഥാനത്തിന് മുന്നോട്ടുപോകാൻ നികുതി ആവശ്യമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര നയത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല . യു.ഡി.എഫ് കാലത്ത് 17 തവണ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

Similar Posts