എ.കെ.ജി സെന്റർ ആക്രമണം: പടക്കമെറിയൽ സമരവുമായി യൂത്ത് കോൺഗ്രസ്
|എ.കെ.ജി സെന്റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം
കൊച്ചി: എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പടക്കമെറിയൽ സമരം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു കാക്കനാട്ട് വേറിട്ട സമരം.
യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ജങ്ഷനിലാണ് സമരം നടന്നത്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ലിജോ ജോസ് സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ് സുജിത്ത് അധ്യക്ഷനായിരുന്നു.
എ.കെ.ജി സെന്ററിന്റെ മതിലിലെ കല്ല് മാത്രം പൊട്ടിയ സംഭവം ബോംബേറായി ചിത്രീകരിച്ച് കോൺഗ്രസ് പാർട്ടി ഓഫിസുകൾ ആക്രമിച്ച സി.പി.എം ഇപ്പോൾ പിന്തിരിയുന്നത് ഇ.പി ജയരാജന്റെ സന്തതസഹചാരി കേസിൽ ഉൾപ്പെടുമെന്ന് വ്യക്തമായതിനാലാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സി.പി.എം നേതൃത്വത്തിലെ ഉന്നതർ അറിഞ്ഞ് നടത്തിയ ഈ നാടകം കണ്ണൂർ ലോബിയിലേക്ക് എത്തിയപ്പോൾ അത് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം കൈമാറിയതെന്നും നേതാക്കൾ ആരോപിച്ചു.
കൗൺസിലർ സിസി വിജു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ റൂബൻ പൈനാക്കി, അൻഷാദ് അലിയാർ, മറ്റു നേതാക്കളായ സിന്റോ ജോയ്, ജർജസ് വി. ജേക്കബ്, സുസ്മിത സുധാകരൻ, ബഷീർ ചിറ്റേതുകര, ജാബിർ, ഗിൽസൺ, അലി ഷാന, തോമസ് തുതീയൂർ, ആംബ്രോസ് തുതീയൂർ, ബാബു ആന്റണി, ജിപ്സൺ ജോളി, സുനിൽ കമ്പിവേലിക്കകം, സുബീഷ് കണ്ണംങ്ങേരി, ജോമോൻ കടവന്ത്ര, ജോബി വഴക്കാല, കെ.എം മനാഫ്, നാസിഫ് ചിറ്റേതുകര, നാസർ തൃക്കാക്കര, രഞ്ജു, വിഷ്ണു തമ്മനം, നിരഞ്ജൻ എസ് സമരത്തിന് നേതൃത്വം നൽകി.
Summary: Youth Congress protest with firecracker in AKG Center attack case