പണിതീരാത്ത റോഡിലെ ടോൾ പിരിവ് നിർത്തലാക്കണം; കഴക്കൂട്ടം ടോള്‍പ്ലാസയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
|റോഡ് ഉപരോധിച്ച എം.എൽ.എ എം. വിൻസെൻറ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോൾപിരിവിനെതിരെ പ്രതിഷേധം ശക്തം. കഴക്കൂട്ടം- കാരോട് ഹൈവേ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. പണിതീരാത്ത റോഡിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
25 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യമായി യാത്ര അനുവദിക്കണം, പണി പൂർത്തിയാക്കിയ ശേഷം മാത്രം ടോൾ പിരിവ് തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ടോൾ പ്ലാസയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് തിരുവല്ലം ജംഗ്ഷനിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതിഷേധം കോവളം എം.എൽ.എ എം. വിൻസെൻറ് ഉദ്ഘാടനം ചെയ്തു. ശേഷം വാഹനങ്ങൾ കടത്തിവിടാതെ റോഡ് ഉപരോധിച്ച എം.എൽ.എ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ടോൾ പ്ലാസയ്ക്ക് മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സമരക്കാരുടെ തീരുമാനം.