രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി
|യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മാർച്ചിൽ പങ്കെടുത്തു.
ഒന്‍പത് മണിയോടെ ശാസ്തമംഗലത്തു നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ ആയിരത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധിര്‍ ഷാ പാലോട് അടക്കമുള്ളവരും മാര്‍ച്ചിന്റെ ഭാഗമായി. രാഹുല്‍ ഗാന്ധി ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്ന് നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബി വി ശ്രീനിവാസ് പറഞ്ഞു.
മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാജ്ഭവന് മുന്നിലെത്തി. നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നത് കൊണ്ടാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിന്റെ ശത്രുവായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നൈറ്റ് മാര്‍ച്ചിന് എത്തിയത്.