'സ്വന്തം ബൂത്തിൽ ഇടപെടൽ നടത്താതെ ദേശീയതലത്തിൽ പൂമ്പാറ്റയായി നടക്കുന്നവർ ശാപം'; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്
|യുവനേതാക്കൾ വളർന്നു വരരുതെന്ന് കരുതുന്ന മാടമ്പി സ്വഭാവമുള്ള ചില നേതാക്കൾ പാർട്ടിയിലുണ്ടെന്നും സംഘടനാ പ്രമേയം
കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിറിൽ പ്രമേയം. വി.ഡി സതീശനും കെ.സി വേണുഗോപാലിനും പരോക്ഷ വിമർശനമാണ് സമ്മേളനം ഉന്നയിച്ചത്. കണ്ണൂർ ജില്ലാ ചിന്തൻ ശിവിറിൽ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലായിരുന്നു നേതൃത്വത്തിനെതിരെ വിമർശനം.
'ചില നേതാക്കൾക്ക് നേതൃത്വം ഭ്രഷ്ട് കൽപ്പിക്കുന്നത് ആത്മഹത്യ പരമാണ്. ചിലരുടെ താൻ പോരിമയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അത്തരം ഭ്രഷ്ട് കൊണ്ട് ഇല്ലാതാകുന്ന ജനപിന്തുണയല്ല അവർക്കുള്ളത്. കോൺഗ്രസിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിൽ പണം വാങ്ങി മറ്റ് പാർട്ടിക്കാരെ നിയമിക്കുന്നു'.അത്തരം നേതാക്കളെ പരസ്യമായി കരണത്ത് അടിക്കണം തുടങ്ങിയ വിമർശനങ്ങളും സംഘടനാ പ്രമേയത്തിൽ ഉയർന്നു.
'സ്വന്തം ബൂത്തിൽ പോലും ഇടപെടൽ നടത്താതെ അഖിലേന്ത്യാ തലത്തിൽ പൂമ്പാറ്റയായി മാറുന്ന നേതാക്കൾ പാർട്ടിയുടെ ശാപമാണ്. സമര മുഖങ്ങളിലെ ആവേശം ക്യാമറ ആഗിളുകൾക്ക് അനുസരിച്ചാവുന്നത് ലജ്ജാകരമാണ്. ചാനൽ ക്യാമറകൾക്ക് മുന്നിലെ നേതാക്കളുടെ വൺ മാൻ ഷോ അവസാനിപ്പിക്കണം'. യുവ നേതാക്കൾ വളർന്നു വരരുതെന്ന് കരുതുന്ന മാടമ്പി സ്വഭാവമുള്ള ചില നേതാക്കൾ പാർട്ടിയിലുണ്ടന്നും സംഘടനാ പ്രമേയത്തിൽ പറയുന്നു.