Kerala
Youth Congresss Rahul Mamkootathil in police custody, Rahul Mamkootathi

രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ

Web Desk
|
9 Jan 2024 2:26 AM GMT

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്

പത്തനംതിട്ട/തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണു നടപടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

രാവിലെ ഏഴരയോടെയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലാണു നടപടി. മാർച്ച് അക്രമാസക്തമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്.

പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു കേസിൽ ചുമത്തിയിട്ടുള്ളത്. ഇതിലാണിപ്പോൾ അപ്രതീക്ഷിതമായ കസ്റ്റഡി നടപടിയുണ്ടാകുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്‌തേക്കും. ഇന്ന് അതിരാവിലെ തന്നെ വീട്ടിലെത്തിയിരുന്നു. ഇതിനുശേഷം ഏറെനേരം ചോദ്യംചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

നവകേരള സദസ്സിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. അക്രമാസക്തമായ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതിൽ രാഹുൽ മാങ്കൂട്ടത്തിലിനും സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. വനിതാ പൊലീസ് ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. പിങ്ക് പൊലീസ് വാഹനം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

Summary: Youth Congress's Rahul Mamkootathil in police custody

Similar Posts