Kerala
മലപ്പുറം ജില്ലയോടുള്ള സർക്കാരിൻറെ രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം: യൂത്ത് ലീഗ്
Kerala

മലപ്പുറം ജില്ലയോടുള്ള സർക്കാരിൻറെ രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം: യൂത്ത് ലീഗ്

Web Desk
|
6 Jun 2021 1:28 PM GMT

മലപ്പുറം ജില്ലയോടുള്ള സംസ്ഥാന സർക്കാരിൻറെ അവഗണന അവസാനിപ്പിക്കണമെന്ന് മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പട്ടു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻറെ അവസാന ബജറ്റിൽ ജില്ലയെ തഴഞ്ഞപ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ജില്ലയിൽ ഈ വിഷയം ചർച്ചയായപ്പോൾ തങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ ആദ്യ ബജറ്റിൽ തന്നെ മലപ്പുറം ജില്ലക്ക് മതിയായ പരിഗണന നൽകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ഇടതു നേതാക്കൾ പറഞ്ഞിരുന്നത്.എന്നാൽ ഭരണതുടർച്ചയുണ്ടായി ആദ്യ ബജറ്റിലും ജില്ലയെ അവഗണിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

"ഇത് മലപ്പുറം ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുക മാത്രമല്ല പരിഹസിക്കുക കൂടിയാണ്.കേരളത്തിലെ മറ്റ് പല ജില്ലകളിലും വിവിധ മേഖലകളിൽ കൃത്യമായ കരുതൽ നൽകിയ സർക്കാർ മലപ്പുറം ജില്ലയിൽ ഈ മഹാമാരിക്കാലത്ത് ആരോഗ്യ മേഖലക്ക് പോലും കാര്യമായ പരിഗണന നൽകിയില്ല എന്നത് പ്രതിഷേധാർഹമാണ്.ആരോഗ്യ മേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റ് എന്ന് കൊട്ടിഘോഷിക്കുമ്പോൾ തന്നെ ജില്ലയിലെ ആയിരക്കണക്കിന് രോഗികൾക്കാശ്രയമായ മഞ്ചേരി മെഡിക്കൽ കോളേജിനെ തഴഞ്ഞത് ഒരു തരത്തിലും നീതീകരിക്കാനാവില്ല."

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിലും ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് കാര്യമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതിക്കിടയിലാണ് ഇരുട്ടടിയായി ബജറ്റ് വന്നിട്ടുള്ളത്.വിദ്യഭ്യാസ മേഖല തൊട്ട് കുടിൽ സംരംഭങ്ങൾ വരെയുള്ളവർക്ക് ഒരു പ്രതീക്ഷയും നൽകാത്ത ബജറ്റാണ് മലർപ്പൊടിക്കാരൻറെ സ്വപ്നം പോലെ അവതരിപ്പിച്ചത്.പക്ഷേ ആ സ്വപ്നത്തിൽ പോലും മലപ്പുറം ജില്ല കടന്ന് വരുന്നില്ല എന്നത് സി.പി.എം മലപ്പുറം ജില്ലയോട് കാണിക്കുന്ന രാഷ്ട്രീയ വിരോധമാണ് പ്രകടമാക്കുന്നത്.

Similar Posts