Kerala
youth league board 100 meter away ai camera
Kerala

'പിണറായി സര്‍ക്കാറിന്‍റെ അഴിമതി ക്യാമറയിലേക്ക് 100 മീറ്റര്‍ ദൂരം': ബോർഡ് സ്ഥാപിച്ച് യൂത്ത് ലീഗ്

Web Desk
|
5 Jun 2023 5:45 AM GMT

യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്

കോഴിക്കോട്: എഐ ക്യാമറക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ക്യാമറക്ക് 100 മീറ്റർ അകലെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് യൂത്ത് ലീഗ്. "സൂക്ഷിക്കുക, പിണറായി സർക്കാറിന്‍റെ അഴിമതി ക്യാമറയിലേക്ക് ഇനി 100 മീറ്റർ ദൂരം മാത്രം" എന്ന മുന്നറിയിപ്പ് ബോർഡാണ് യൂത്ത് ലീഗ് കോഴിക്കോട്ടെ പേരാമ്പ്രയില്‍ സ്ഥാപിച്ചത്.

നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമറയുടെ ഇരു ഭാഗങ്ങളിലും റോഡിൽ 100 മീറ്റർ ദൂരത്തുമാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാന, ജില്ലാ നേതാക്കൾ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നൽകി.

ഇന്ന് രാവിലെ എട്ടു മണി മുതലാണ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാന്‍ തുടങ്ങിയത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, റെഡ് സിഗ്നൽ മുറിച്ചു കടക്കൽ, അമിതവേഗം, അപകടകരമായ പാർക്കിങ് എന്നീ നിയമലംഘനങ്ങൾ എഐ ക്യാമറയുടെ കണ്ണിൽപ്പെട്ടാൽ പിഴ ഉറപ്പ്.

നോട്ടീസ് തപാൽ വഴി നേരെ വീട്ടിലെത്തും. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഇരുചക്ര വാഹനത്തിൽ ട്രിപ്പിൾ റൈഡിന് പിഴയുണ്ട്. പക്ഷെ 12 വയസ്സിൽ താഴെയുള്ള കുട്ടിയാണ് മൂന്നാമനെങ്കിൽ തൽക്കാലം നടപടി ഇല്ല. കുട്ടികള്‍ക്ക് ഇളവ് വേണമെന്ന ആവശ്യത്തില്‍ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടി.



Similar Posts