'കലാപാഹ്വാനത്തിന് കേസെടുക്കണം'; മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ യൂത്ത് ലീഗ് പരാതി നൽകി
|മുഖ്യമന്ത്രി, ഹിന്ദു എഡിറ്റർ, കെയ്സൺ മാനേജിങ് ഡയറക്ടർ, അഭിമുഖം തയ്യാറാക്കിയ ഡെപ്യൂട്ടി എഡിറ്റർ ശോഭനാ കെ. നായർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 'ദി ഹിന്ദു' പത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. മുഖ്യമന്ത്രി, ഹിന്ദു എഡിറ്റർ, കെയ്സൺ മാനേജിങ് ഡയറക്ടർ, അഭിമുഖം തയ്യാറാക്കിയ ഡെപ്യൂട്ടി എഡിറ്റർ ശോഭനാ കെ. നായർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.
ഏറ്റവും കൂടുതൽ സ്വർണക്കടത്ത്, ഹവാല ഇടപാട് എന്നിവ നടക്കുന്നത് മലപ്പുറത്താണെന്നും ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുവെന്നും മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിൽ പറയുന്നത്. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മലപ്പുറം ജില്ലക്കെതിരെ വ്യാപകമായി വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്നതും വിശ്വാസ്യത വർധിപ്പിക്കുന്നതുമാണ് മുഖ്യമന്ത്രിയുടേതായി വന്ന പ്രസ്താവന.
കെയ്സൺ പിആർ ഏജൻസിയാണ് വാർത്ത നൽകിയതെന്നാണ് ദി ഹിന്ദു പത്രം നൽകുന്ന വിശദീകരണം. പിആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണം നടത്താനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയമുണ്ട്. അഭിമുഖത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് പ്രതികൾക്കെതിരെ 153 എ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നൽകിയ പരാതിയിൽ പറയുന്നു.