പൊതുവിഭവങ്ങളിലെ സാമുദായിക അനുപാതം; വെള്ളാപ്പള്ളിയെ സംവാദത്തിന് ക്ഷണിച്ച് യൂത്ത് ലീഗ്
|ഉദ്യോഗ-അധികാര പങ്കാളിത്തത്തിലെ സാമൂഹിക നീതിയെക്കുറിച്ച് വെള്ളാപ്പള്ളി സംവാദത്തിന് തയ്യാറുണ്ടോ എന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു ചോദിച്ചു.
കോഴിക്കോട്: കേരളത്തിന്റെ പൊതുവിഭവങ്ങൾ വിതരണം ചെയ്യുന്നതിലെ സാമുദായിക അനുപാതത്തെ കുറിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സംവാദത്തിന് ക്ഷണിച്ച് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. ഉദ്യോഗ-അധികാര പങ്കാളിത്തത്തിലെ സാമൂഹിക നീതിയെക്കുറിച്ച് വെള്ളാപ്പള്ളി സംവാദത്തിന് തയ്യാറുണ്ടോ എന്ന് ഫൈസൽ ബാബു ചോദിച്ചു.
മധ്യകേരളത്തിൽ ക്രൈസ്തവരും വടക്കൻ കേരളത്തിൽ മുസ് ലിംകളും ചേർന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. വോട്ടുബാങ്കിന്റെ ബലത്തിൽ യു.ഡി.എഫ് ഭരണത്തിലാണ് ഇത് ശക്തിപ്രാപിച്ചത്. രണ്ട് വിഭാഗങ്ങളും സാമൂഹികമായും സാമ്പത്തികമായും വളർന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലയിലും ന്യൂനപക്ഷങ്ങൾ മേൽക്കൈ നേടി. ഇത്തരം യാഥാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ തനിക്കെതിരെ കേസെടുക്കണമെന്നാണ് മുസ്‌ലിം നേതാക്കൾ പറയുന്നതെന്നും എസ്.എൻ.ഡി.പി യോഗം മുഖപത്രമായ യോഗനാഥത്തിലെഴുതിയ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.