'അഴിമതിക്കെതിരെ വിരല്‍ ചൂണ്ടല്‍ ദിവ്യകർമ്മം'; പി.പി ദിവ്യയെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്- വിവാദം
|ഫൈസല്‍ ബാബുവിനെ തള്ളിപറഞ്ഞ് മറ്റുള്ള യൂത്ത് ലീഗ് നേതാക്കൾ രംഗത്തുവന്നു
കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അനുകൂലിച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഫൈസൽ ബാബു രംഗത്തെത്തിയത് വിവാദമാകുന്നു. "അഴിമതിക്കെതിരെ വിരല്‍ ചൂണ്ടല്‍ ദിവ്യകർമ്മം.." എന്ന തുടങ്ങുന്ന പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് ഫൈസല്‍ ബാബു ദിവ്യയ്ക്ക് പിന്തുണയറിയിച്ചത്. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് കുരുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ലെന്നും അങ്ങനെയുള്ളവർ സ്വന്തം കഴുത്തിൽ കയർ മുറുക്കണമെന്നും ഫൈസൽ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം ഫൈസല്‍ ബാബുവിന് പരോക്ഷ മറുപടിയുമായി യൂത്ത് ലീഗിന്റെ മറ്റൊരു ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ രംഗത്തുവന്നു. ആര്, എന്ത് പറഞ്ഞാലും ദിവ്യ ചെയ്തത് ദിവ്യമായ അഴിമതി വിരുദ്ധ പോരാട്ടമാകില്ലെന്നാണ് ഷിബു മീരാന്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ദിവ്യയുടേത് ക്രൂരമായ നിഷ്ഠൂരമായ കൊലപാതകമാണെന്നും മീരാന്‍ കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയംഗം സി. ജാഫർ സാദിഖും ഫൈസല്‍ ബാബുവിനെതിരെ രംഗത്തുവന്നു. എഡിഎമ്മിന്റെ മരണത്തിൽ പൊതുജനത്തിന് രണ്ടഭിപ്രായമില്ലെന്നും എന്നാലും ചിലർ ദിവ്യയെ വെള്ളപൂശി വിശുദ്ധയാക്കി പ്രഖ്യാപിക്കാനുള്ള പുറപ്പാടിലാണെന്നും ജാഫർ വിമർശിച്ചു.