![ആർ.എസ്.എസിനോട് മൃദുസമീപനമുണ്ടെന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവര് ആണെങ്കിലും വിയോജിക്കേണ്ടിവരും: യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് ആർ.എസ്.എസിനോട് മൃദുസമീപനമുണ്ടെന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവര് ആണെങ്കിലും വിയോജിക്കേണ്ടിവരും: യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ്](https://www.mediaoneonline.com/h-upload/2022/11/10/1330863-shibu-meeran.webp)
ആർ.എസ്.എസിനോട് മൃദുസമീപനമുണ്ടെന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവര് ആണെങ്കിലും വിയോജിക്കേണ്ടിവരും: യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ്
![](/images/authorplaceholder.jpg?type=1&v=2)
'മതേതരപക്ഷം എന്നവകാശപ്പെടുന്ന ഏതൊരാളുടെയും നിലപാടുകൾക്ക് കണിശമായ വ്യക്തത വേണം'
അചഞ്ചലമായ ആർ.എസ്.എസ് വിരുദ്ധതയാകണം രാഷ്ട്രീയ നിലപാടിന്റെ മർമമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ. മതേതരപക്ഷം എന്നവകാശപ്പെടുന്ന ഏതൊരാളുടെയും നിലപാടുകൾക്ക് കണിശമായ വ്യക്തത വേണം. ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയും ശത്രു സംഘപരിവാറാണ്. ഒരു വാക്കു കൊണ്ടെങ്കിലും ആർ.എസ്.എസിനോട് മൃദുവായ സമീപനമുണ്ട് എന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവരാണെങ്കിലും അവരോട് വിയോജിക്കേണ്ടി വരുമെന്നും ഷിബു മീരാന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. കണ്ണൂരിലെ ആര്.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞതിനു പിന്നാലെയാണ് യൂത്ത് ലീഗ് നേതാവിന്റെ പ്രതികരണം. ശാഖ തകര്‍ക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ സംരക്ഷണം നല്‍കിയെന്നാണ് കെ സുധാകരന് പറഞ്ഞത്.
കുറിപ്പിന്റെ പൂര്‍ണരൂപം
അചഞ്ചലമായ ആർ.എസ്.എസ് വിരുദ്ധതയാകണം രാഷ്ട്രീയ നിലപാടിന്റെ മർമം. ഇന്ത്യൻ തീവ്ര വലതുപക്ഷം അതിന്റെ അന്തിമ വിജയ പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്ന കാലത്ത്, മതേതരപക്ഷം എന്നവകാശപ്പെടുന്ന ഏതൊരാളിന്റെയും നിലപാടുകൾക്ക് കണിശമായ വ്യക്തത വേണം. ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയും ശത്രു സംഘപരിവാറാണ്. അവർ മാത്രമാണ്. കോൺഗ്രസ് വിരുദ്ധതയുടെ പേരിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തോട് രാജിയാകുന്നു എന്നതാണ് സി.പി.എമ്മിനെതിരെ ഉയർത്തുന്ന വിമർശനങ്ങളുടെ മുഖ്യ പ്രേരണ. ഇങ്ങനെയൊരു പ്രതിസന്ധിയുടെ കാലത്തും കോൺഗ്രസിനെ എന്തിന് പിന്തുണക്കുന്നു എന്ന ചോദ്യത്തിന് മൂന്ന് ഉത്തരമാണ്..
1) കോൺഗ്രസ് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ ദേശവ്യാപക ബദലാണ്. ചുരുങ്ങിയത് 12 സംസ്ഥാനങ്ങളിലെങ്കിലും ബി.ജെ.പിയോട് നേർക്കുനേരെ മത്സരിക്കുന്നവർ. ആ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു ഫാസിസ്റ്റ് വിരുദ്ധ ബദലിന് കരുത്ത് കൊടുക്കാനാണ്.
2) കാക്കി ട്രൗസർ. ആർ.എസ്.എസിന്റെ അടയാളം. അത് കത്തുന്ന ചിത്രം ഉയർത്തി പിടിച്ച് ഇന്ത്യയുടെ മനസിലേക്ക് നടക്കാനിറങ്ങിയ മനുഷ്യൻ. മരിക്കേണ്ടി വന്നാലും ബി.ജെ.പിയോട് സന്ധിയില്ല എന്ന് പറയുന്ന രാഹുൽ ഗാന്ധി. അയാൾ പറയുന്ന രാഷ്ട്രീയത്തിന്റെ കൂടെ നിൽക്കുക എന്ന ദൗത്യം നിറവേറ്റാനാണ്.
3) ഇന്നും പോയിട്ടുണ്ട് ഗുജറാത്തിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർ. ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും, ബി.ജെ.പി ഒരു സാധ്യതയാണ് എന്നറിഞ്ഞിട്ടും, ജീവൻ പണയപ്പെടുത്തി പിന്നെയും പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പണിയെടുക്കുന്നവരെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കണ്ടിട്ടുണ്ട്. കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർ. 137 വർഷത്തെ ചരിത്രമുള്ള മഹാപ്രസ്ഥാനത്തിന്റെ 'കംപ്ലീറ്റ് കേഡർമാർ'. അവരുടെ കൂടെ നിൽക്കുക എന്ന ദൗത്യം നിറവേറ്റാനാണ്.
കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ജനാധിപത്യ മതേതര കാഴ്ച്ചപ്പാടിനെയാണ് പിന്തുണക്കുന്നത്.. അതിന്റെ അതിജീവന ശേഷിയിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. അതല്ലാതെ ഏതെങ്കിലും ഒരു നേതാവിന്റെ പേശീ ബലത്തിലല്ല. ഒരു വാക്കു കൊണ്ടെങ്കിലും ആർ.എസ്.എസിനോട് മൃദുവായ സമീപനമുണ്ട് എന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവരാണെങ്കിലും അവരോട് വിയോജിക്കേണ്ടി വരും.
പിൻകുറിപ്പ്: കിട്ടിയ ചാൻസിന് ഗോളടിക്കുന്ന സി.പി.എമ്മിനോട്. അടിയന്തിരാവസ്ഥ കാലത്ത് ആർ.എസ്.എസും സി.പി.എമ്മും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 77ലെ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് വോട്ടു ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വിഴിഞ്ഞത്ത് ആനത്തലവട്ടവും വി വി രാജേഷും ഒരുമിച്ച് വേദി പങ്കിട്ടുണ്ട്. ബംഗാളിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ സഖ്യ ചർച്ച ഇപ്പോഴും നടക്കുന്നുണ്ട്. ആർ.എസ്.എസിന്റെ മെത്തയിൽ വിരിച്ച താമരപ്പൂ സുഗന്ധം സി.പി.എമ്മിന്റെ ദേഹത്താണുള്ളത്.