കാഫിർ സ്ക്രീൻഷോട്ടിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്; എസ്പി ഓഫീസിലേക്ക് മാർച്ച്
|നേതാക്കൾ സംസാരിച്ചുകൊണ്ടിരിക്കെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി.
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് വടകര റൂറൽ എസ്പിയുടെ ഓഫീസിലേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ചു. വടകര താഴയങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്.
പ്രതിഷേധം എസ്പി ഓഫീസിനു സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാക്കി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കൾ സംസാരിച്ചുകൊണ്ടിരിക്കെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
അതേസമയം, കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പരാതിക്കാരൻ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. ഫൊറൻസിക് പരിശോധന വേഗത്തിൽ പൂർത്തിയാക്കി വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിൽ അപാകതയുണ്ടെന്ന് തോന്നിയാൽ പരാതിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 153എ വകുപ്പ് പ്രകാരം സാമുദായിക സ്പർധ വളർത്തുന്ന കുറ്റം ചുമത്തിയിട്ടില്ലെന്ന് പരാതിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.