വടകരയിലെ വർഗീയ പ്രചാരണം: വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്
|മുൻ എം.എൽ.എ കെ.കെ. ലതികക്കെതിരെ പൊലീസിൽ പരാതി നൽകി
കോഴിക്കോട്: വടകരയിൽ വർഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകി. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചു. ഇത് സ്ക്രീൻ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തു.
ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ, സ്ക്രീൻ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ ലതിക സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്ക്രീൻ ഷോട്ട് ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തുവെന്നും പരാതിയിൽ പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്ക്രീൻ ഷോട്ടുകൾ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും പിൻവലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കു കയാണ്.
ഇത്തരം പ്രചാരണങ്ങൾ സമൂഹത്തിൽ വലിയ അളവിൽ ഭിന്നത സൃഷ്ടിക്കുന്നതിനാലും മത സ്‌പർദ്ധയുണ്ടാക്കുന്നതിനാലും ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ഐ.ടി നിയമം, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.