ശമ്പളം കൊടുക്കാൻ പണമില്ല; 26 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് യുവജന കമ്മീഷൻ
|18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിനോട് കൂടുതൽ തുക ആവശ്യപ്പെട്ട് യുവജന കമ്മീഷൻ. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ 26 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 76 ലക്ഷം രൂപയ്ക്ക് പുറമെയാണ് കൂടുതൽ തുക യുവജനകമ്മീഷൻ ആവശ്യപ്പെട്ടത്.
സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ അടുത്ത മാസം 22000 കോടി രൂപ വേണമെന്നാണ് ധനകാര്യവകുപ്പിൻറെ വിലയിരുത്തൽ.ആ പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത്രയും വലിയ പ്രതിസന്ധിക്കിടയിലാണ് യുവജനകമ്മീഷൻ സർക്കാരിനോട് കൂടുതൽ തുക ആവശ്യപ്പെട്ടത്. ശമ്പളത്തിനും മറ്റ് ചിലവുകൾക്കുമായി 26 ലക്ഷം രൂപ അനുവദിക്കണമെന്നാണ് യുവജനകമ്മീഷൻ ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 16 ന് ഉത്തവിറക്കി.
2022 -23 വർഷത്തെ ബജറ്റിൽ 76.6 ലക്ഷം രൂപ യുവജനകമ്മീഷൻ അനുവദിച്ചിരിന്നു. ഈ പണം തീർന്നതോടെ 35 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് യുവജനകമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച് 9 ലക്ഷം രൂപ 29.12.22 ൽ അനുവദിച്ചു. അതിൽ 845000 രൂപ ചിലവായെന്നും ബാക്കിയുള്ള 55000 രൂപ കൊണ്ട് ശമ്പളവും മറ്റ് ചിലവുകളും നടക്കില്ലെന്ന് കാട്ടി കൊണ്ടാണ് 26 ലക്ഷം രൂപ ആവശ്യപ്പെടുകയും 18 ലക്ഷം സർക്കാർ അനുവദിക്കുകയും ചെയ്തത്.