Kerala
മകനെ കാണാനില്ല; എതിർഭാഗത്ത് പ്രമുഖ നടനും താരസംഘടനയും, അപായപ്പെടുത്താൻ സാധ്യത-പരാതിയുമായി യൂട്യൂബറുടെ അമ്മ
Kerala

'മകനെ കാണാനില്ല; എതിർഭാഗത്ത് പ്രമുഖ നടനും താരസംഘടനയും, അപായപ്പെടുത്താൻ സാധ്യത'-പരാതിയുമായി യൂട്യൂബറുടെ അമ്മ

Web Desk
|
9 Aug 2024 1:59 PM GMT

''സി.ഐ ആണു മകനെ കൊണ്ടുപോയത്. അദ്ദേഹത്തെ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ മകന്റെ കാര്യത്തിൽ ആശങ്കയുണ്ട്.''

തിരുവല്ല: യൂട്യൂബർ അജു അലെക്‌സ് എന്ന 'ചെകുത്താന്റെ' അറസ്റ്റിൽ പത്തനംതിട്ട എസ്.പിക്കു പരാതി നൽകി മാതാവ്. രാവിലെ തിരുവല്ല പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച മകനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കസ്റ്റഡി അന്യായമാണെന്നും എസ്.പിക്ക് അയച്ച പരാതിയിൽ അമ്മ മേഴ്‌സി അലെക്‌സ് ആരോപിച്ചു. ഹൃദ്രോഗിയായ മകന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. എതിർഭാഗത്തുള്ള പ്രമുഖ നടനും താരസംഘടനയുമായതിനാൽ ജീവൻ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നു പേടിക്കുന്നുണ്ടെന്നും പരാതിയിൽ അവർ പറഞ്ഞു.

മകൻ അജു അലെക്‌സ് രാവിലെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ സി.ഐ സുനിൽ കൃഷ്ണ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ പോയതായിരുന്നു. സ്‌റ്റേഷൻ ജാമ്യം അനുവദിക്കാമെന്നു പറഞ്ഞാണു വിളിപ്പിച്ചതെങ്കിലും ലോക്കപ്പിലിടുകയായിരുന്നു. തുടർന്ന് എറണാകുളത്ത് തെളിവെടുപ്പിനായി കൊണ്ടുപോകുകയാണെന്നു പറഞ്ഞ് രാവിലെ 11 മണിക്ക് കൊണ്ടുപോയതാണ്. എന്നാൽ, അജു അലെക്‌സിനെ കാണാൻ ഒപ്പമുണ്ടായിരുന്നവരെ അനുവദിച്ചില്ല. ഇപ്പോൾ മകനെ കാണാതായിരിക്കുകയാണെന്ന് പരാതിയിൽ അമ്മ ആരോപിച്ചു..

സി.ഐ ആണു മകനെ കൊണ്ടുപോയത്. അദ്ദേഹത്തെ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ മകന്റെ കാര്യത്തിൽ ആശങ്കയുണ്ട്. ഹൃദ്രോഗമുള്ളയാളാണ് മകൻ. അതുമൂലമുള്ള മാനസിക സംഘർഷത്തിനിടയുണ്ട്. ജീവന് അപായമുണ്ടാക്കാൻ സാധ്യതയുണ്ടെന്നു പോലും കണക്കിലെടുക്കാതെയാണ് സി.ഐയുടെ നടപടി. അലെക്‌സിന്റെ ജീവന് അപായമുണ്ടാക്കാൻ സാധ്യതയുണ്ട്. എതിർഭാഗത്തുള്ളത് പ്രമുഖ നടനും നടന്മാരും സംഘടനയുമാണ്. ഇതിനാലാണ് സി.ഐ അധികാര ദുർവിനിയോഗം നടത്തുന്നതെന്ന ആശങ്കയുണ്ട്. അജു അലെക്‌സിനെ കാണാതായതിലും അധികാര ദുർവിനിയോഗം ചെയ്തതിലും അന്വേഷണം വേണമെന്നും മേഴ്‌സി അലെക്‌സ് എസ്.പിയോട് ആവശ്യപ്പെട്ടു.

ഇന്നു രാവിലെയാണ് നടൻ മോഹൻലാലിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ യൂട്യൂബർ അറസ്റ്റിലാകുന്നത്. തിരുവല്ല മഞ്ഞാടി സ്വദേശി അജു അലെക്സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമിൽ മോഹൻലാൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സന്ദർശനം നടത്തിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ചെകുത്താൻ വിഡിയോ ചെയ്തിരുന്നു. ഇതിനെതിരെ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് നൽകിയ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ മനസിൽ വിദ്വേഷം ഉണ്ടാക്കുന്ന പരാമർശം നടത്തിയെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അജു അലെക്‌സ് ഒളിവിൽ പോയിരുന്നു.

Summary: Mother Mercy Alex lodged complaint with Pathanamthitta SP on the arrest of the YouTuber Aju Alex aka Chekuthan

Similar Posts