യൂനസ് പി.എം തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ
|അവിശ്വാസത്തിലൂടെ പുറത്തായ യുഡിഎഫ് കൗൺസിലർ ഇബ്രാഹിംകുട്ടിയുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
കൊച്ചി: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് സ്ഥാനം നില നിർത്തി യുഡിഎഫ്. മുസ്‌ലിം ലീഗിലെ പി. എം യൂനസാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവിശ്വാസത്തിലൂടെ പുറത്തായ യുഡിഎഫ് കൗൺസിലർ ഇബ്രാഹിംകുട്ടിയുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ലീഗ് കൗൺസിലറുടെ ഒഴുവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് മൂന്ന് ലീഗ് കൗൺസിലർമാർ കൂടി അവിശ്വാസത്തെ പിന്തുണച്ചിരുന്നു.
രണ്ടര വർഷം പൂർത്തിയാക്കി ഇബ്രാഹിംകുട്ടി സ്ഥാനം ഒഴിയണമെന്ന ലീഗിലെ ധാരണ പാലിക്കാതെ വന്നതോടെയാണ് ലീഗ് കൗൺസിലർമാർ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. തുടർന്ന് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ 43 അംഗ കൗൺസിൽ 40 പേരാണ് പങ്കെടുത്തത്.
ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം രണ്ട് സിപിഐ കൗൺസിലർമാരും , ആരോഗ്യപ്രശ്നത്താൽ ഒരു സിപിഎം കൗൺസിലറും തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. 40 വോട്ടുകളിൽ 25 വോട്ടുകൾ നേടിയാണ് ലീഗ് കൗൺസിലർ പി എം യൂനുസ് എൽ ഡി എഫ് സ്വതന്ത്രൻ പി.സി മനൂപിനെ പരാജയപ്പെടുത്തിയത്.
അതേ സമയം യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ മനൂപിനെ സ്ഥാനാർത്ഥിയാക്കിയതിലെ അതൃപ്തി മൂലമാണ് രണ്ട് സിപിഐ കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നതെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടെന്ന് കാണിച്ച് സി.പി.ഐ ജില്ലാ നേതൃത്വം കൗൺസിലർമാർക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു.