ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിച്ചവരെ കാണാന്‍ യൂസുഫലി എത്തി
|എറണാകുളം പനങ്ങാടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് യൂസുഫലി നേരിട്ട് കണ്ട് നന്ദിയറിയിച്ചത്.
ഹെലികോപ്റ്റര്‍ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചവരെ കാണാന്‍ വ്യവസായി എം എ യൂസുഫലിയെത്തി. എറണാകുളം പനങ്ങാടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് യൂസുഫലി നേരിട്ട് കണ്ട് നന്ദിയറിയിച്ചത്.
ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്ത വനിത പൊലീസ് ഓഫീസര്‍ ബിജിയെ കാണാനാണ് യൂസുഫലി ആദ്യമെത്തിയത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുംമുന്‍പ് പ്രഥമ ശുശ്രൂഷ നൽകിയത് ബിജിയായിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്‍റെ ഉടമയെയും യൂസുഫലി നേരിൽ ചെന്നുകണ്ടു.
ഈ വര്‍ഷം ഏപ്രിൽ 11നാണ് എം എ യൂസുഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് എറണാകുളം പനങ്ങാടുളള ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്ടറിന്‍റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്ന് പോയി. പൈലറ്റും പ്രദേശവാസികളും സമയോചിതമായി രക്ഷപ്രവര്‍ത്തനം നടത്തിയതോടെയാണ് വന്‍ അപകടം ഒഴിവായത്. അപകട സമയത്ത് യൂസുഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു.