"ഞാനും എന്‍റെ കുടുംബവും പെരുവഴിയിലായേനെ, സാറിന് കോടി പുണ്യം കിട്ടും": വാക്കുപാലിച്ച് യൂസുഫലി, മനം നിറഞ്ഞ് ആമിന ഉമ്മ
|ഉമ്മ വെഷമിക്കേണ്ട, ആധാരം എടുപ്പിച്ചു തരാമെന്ന് പറഞ്ഞ യൂസുഫലി വാക്കുപാലിച്ചു
ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി എറണാകുളം കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. ആമിനയുടെ ബാങ്ക് വായ്പ ലുലു ഗ്രൂപ്പ് അടച്ചു തീർത്തു.
"ഞാന്‍ ചെക്കപ്പിന് പോകാന്‍ മകളുടെയടുത്ത് പോയപ്പോഴാണ് യൂസുഫലി സാറിനെ കണ്ടത്. അന്നേരമാണ് കത്ത് കൊടുത്തത്. കാര്യങ്ങള് പറഞ്ഞു. ഉമ്മ വെഷമിക്കേണ്ട, ആധാരം എടുപ്പിച്ചു തരാമെന്ന് പറഞ്ഞു. ഇന്നെനിക്ക് ആധാരം കിട്ടി. ഒരുപാട് നന്ദിയുണ്ട്. ഞാനും എന്‍റെ മക്കളും പെരുവഴിയിലായേനെ. എനിക്കതു മാറ്റിത്തന്നതില്‍ സന്തോഷായി. കോടി പുണ്യം കിട്ടും. പടച്ചോന്‍ എന്നെക്കൊണ്ടുപോയി മുട്ടിച്ചു തന്നതാ."- ആമിന ഉമ്മ പറഞ്ഞു.
യൂസുഫലിയുടെ നിര്‍ദേശ പ്രകാരം 3,81,160 രൂപയുടെ കുടിശ്ശിക ബാങ്കില്‍ അടച്ചു. ഇതോടെയാണ് ആമിന ഉമ്മയുടെ വീടിന്‍റെ ജപ്തി ഒഴിവായയത്. ആമിനയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗിയാണ്. 50,000 രൂപ ധനസഹായവും നല്‍കി.
തന്നെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷിച്ചവരെ കാണാനും നന്ദി പറയാനും എത്തിയപ്പോഴാണ് യൂസുഫലി ആമിന ഉമ്മയെ കണ്ടത്. ആമിനയുടെ ദയനീയാവസ്ഥ കണ്ട് അപ്പോള്‍ തന്നെ യൂസുഫലി ഇടപെടുകയായിരുന്നു.