ഭീഷണി പ്രസംഗം: പി. ജയരാജനെതിരെ പൊലീസിൽ പരാതി
|ജയരാജന്റെ ഭീഷണി രാഷ്ട്രീയസംഘർഷത്തിന് വഴിവയ്ക്കുമെന്ന് പരാതിയിൽ പറയുന്നു
കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജന്റെ ഭീഷണിപ്രസംഗത്തിൽ പൊലീസിൽ പരാതി നൽകി യുവമോർച്ച. സ്പീക്കർ എ.എൻ ഷംസീറിനുനേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ മുന്നറിയിപ്പ്. കണ്ണൂർ എസ്.പിക്കാണ് പരാതി നൽകിയത്.
യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ജയരാജനെതിരെ പൊലീസിൽ പരാതി നൽകിയത്. ജയരാജന്റെ ഭീഷണി രാഷ്ട്രീയസംഘർഷത്തിന് വഴിവയ്ക്കുമെന്ന് പരാതിയിൽ പറയുന്നു. നേരത്തെ, യുവോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് ആണ് ഷംസീറിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.
കൈവെട്ടുകേസിലെ ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷിന്റെ വെല്ലുവിളി. ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം. ജൂലൈ 21ന് കുന്നത്തുനാട് മണ്ഡലത്തിൽ നടന്ന ഒരു പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും സ്പീക്കർക്കെതിരെ രംഗത്തെത്തിയത്.
ഷംസീർ സ്പീക്കറായ ശേഷം നിയമസഭയിൽനിന്ന് ഹൈന്ദവരൂപങ്ങളെല്ലാം നീക്കിയതായി കെ. ഗണേഷ് പ്രസംഗത്തിൽ ആരോപിച്ചിരുന്നു. സുന്നത്ത് കഴിച്ചുവെന്നതാണോ ഷംസീറിന്റെ പ്രത്യേകതയെന്നും ഗണേഷ് അധിക്ഷേപിച്ചു.
എം.ബി രാജേഷിനും ശ്രീരാമകൃഷ്ണനുമില്ലാത്ത എന്തു പ്രത്യേകതയാണ് ഷംസീറിനുള്ളത്. സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണോ? അങ്ങനെയാണെങ്കിൽ ഹിന്ദു മതവിശ്വാസങ്ങളെ എല്ലാ കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത്. ജോസഫ് മാഷിന്റെ കൈ പോയ പോലെ ഷംസീറിന്റെ കൈ പോലില്ലെന്നു നിങ്ങൾക്ക് ഉറപ്പുണ്ടാകും. പക്ഷെ, എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീർ ഒരിക്കലും കരുതരുതെന്നാണ് പറയാനുള്ളത്. ഷംസീർ എത്രയും പെട്ടെന്ന് ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിനു മാപ്പുപറയണം. ഇല്ലെങ്കിൽ തെരുവിൽ നേരിടുമെന്നും കെ. ഗണേഷ് മുന്നറിയിപ്പ് നൽകി.
Summary: Yuva Morcha lodged a police complaint against CPM leader P. Jayarajan's threat speech