മോദിയുടെ മന്‍കീ ബാത്ത് ആയി 'യുവം'
|മോദിയോട് ചോദ്യമുന്നയിക്കാന്‍ എത്തിയവര്‍ നിരാശരായി. നടന്നത് പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി പൊതുയോഗം
കൊച്ചി: കേരളത്തിന്‍റെ യുവ മനസ്സിനെ അറിയാനെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച യുവം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്തായി മാറി. രാഷ്ട്രീയത്തിന് അതീതമെന്ന പ്രതീതിയുണ്ടാക്കി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത യുവാക്കൾ കേവലം കാഴ്ചക്കാരും കേൾവിക്കാരും മാത്രമായി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കപ്പുറമുള്ള രാഷ്ട്രീയ പ്രാധാന്യം നേടാൻ യുവത്തിന് കഴിഞ്ഞില്ല.
യുവാക്കളുമായുള്ള സംവാദമെന്നാണ് യുവം പരിപാടിയെ ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്. വിദ്യാർഥികളും സംരംഭകരുമായ യുാവക്കളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയുമെന്നായിരുന്നു പാർട്ടിയുടെ അറിയിപ്പ്. മികച്ച നിർദേശങ്ങൾ പ്രധാനമന്ത്രി സ്വീകരിക്കുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു.
ഹിന്ദു സംഘടനകൾ നടത്തുന്ന ചില കോളജുകളിലെയും സ്‌കൂൂളുകളിലെയും വിദ്യാർഥികൾ യൂണിഫോമിൽ പരിപാടിക്കെത്തി. സംഘപരിവാർ അനുഭാവികളായ ഏതാനും സിനിമാ പ്രവർത്തകരെ വേദിയിലെത്തിച്ച് ശ്രദ്ധ നേടാനും സംഘാടകർ ശ്രമിച്ചു. ആറരയോടെ പ്രസംഗം തുടങ്ങിയ മോദി ഒരു മണിക്കൂർ പ്രസംഗിച്ചു. രാഷ്ട്രീയ ആരോപണങ്ങളാണ് പ്രസംഗത്തിൽ മുഴങ്ങിക്കേട്ടത്. ഏഴരയോടെ എല്ലാവരെയും അഭിവാദ്യം ചെയ്ത് മോദി മടങ്ങി.
ചോദ്യങ്ങളുമായി കാത്തിരുന്ന യുവാക്കൾ നിരാശരായി. യുവാക്കളെ ത്രസിപ്പിക്കുന്ന പരിപാടിയെന്ന് അനിൽ ആന്റണിയും തേജസ്വി സൂര്യയുമൊക്കെ വെച്ച് കാച്ചിയത് വെറുതെയായി. പ്രധാനമന്ത്രി പങ്കെടുത്ത ഒരു ബിജെപി പൊതുയോഗം എന്നതിലപ്പുറം ഒരു വിശേഷണം യുവം അർഹിക്കുന്നില്ല.