Kerala
തിരുവനന്തപുരത്ത് സിക ക്ലസ്റ്റർ രൂപപ്പെട്ടു; മൂന്ന് കി.മീറ്റർ വ്യാപ്തിയിൽ രോഗബാധ
Kerala

തിരുവനന്തപുരത്ത് സിക ക്ലസ്റ്റർ രൂപപ്പെട്ടു; മൂന്ന് കി.മീറ്റർ വ്യാപ്തിയിൽ രോഗബാധ

Web Desk
|
14 July 2021 12:47 PM GMT

രോഗപ്രതിരോധത്തിന് കർമപദ്ധതി തയാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു

തിരുവനന്തപുരത്ത് സിക ക്ലസ്റ്റർ രൂപപ്പെട്ടു. ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റർ വ്യാപ്തിയിൽ രോഗബാധ കണ്ടെത്തി. രോഗപ്രതിരോധത്തിന് കർമപദ്ധതി തയാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അമിതമായ ഭീതി ഒഴിവാക്കി അതീവ ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിക്ക പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ രോഗ പ്രതിരോധത്തിനുള്ള കർമപദ്ധതികൾ തയാറായിട്ടുണ്ട്. കൊതുകു നിർമാർജനമാണ് പ്രധാനമായി നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വീടിന് പരിസരത്ത് കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാൻ ശ്രദ്ധിക്കണം. വീടിനുള്ളിൽ കൊതുക് വളരാൻ അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കഴിഞ്ഞ ദിവസം സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് കണ്ടെത്തിയത്. ഇതുകൂടാതെ പൂന്തുറ, ശാസ്തമംഗലം സ്വദേശികൾക്കും ഇന്നലെ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 22 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും അവരുമായി സമ്പർക്കത്തിൽ വന്നവർക്കുമാണ് ഇതുവരെ സിക്ക വൈറസ് ബാധിച്ചത്. പാറശ്ശാല സ്വദേശിനിയായ ഗർഭിണിയിലാണ് ആദ്യം സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയത്.

Similar Posts