കുവൈത്ത് എണ്ണ ഉല്പാദനം വര്‍ധിപ്പിക്കുന്നു
|പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് പെട്രോളിയം മന്ത്രി എന്‍ജി. ബഗീത് അല്‍ റഷീദി ഉത്പാദനം കൂട്ടുന്ന കാര്യം അറിയിച്ചത്. പ്രതിദിന ഉത്പാദനത്തില്‍ 85000 ബാരലിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്.
പ്രതിദിന എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത്. ഞായറാഴ്ച മുതല്‍ 85000 ബാരല്‍ പെട്രോളിയം അധികം ഉല്പാദിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കി. ഒരുമാസം കഴിഞ്ഞാല്‍ വിപണി വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് ജല വൈദ്യുത പെട്രോളിയംകാര്യ മന്ത്രി എന്‍ജി. ബഗീത് അല്‍ റഷീദി ഉത്പാദനം കൂട്ടുന്ന കാര്യം അറിയിച്ചത്. ഞായറാഴ്ച മുതല്‍ പ്രതിദിന ഉത്പാദനത്തില്‍ 85000 ബാരലിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്. ഇതോടെ രാജ്യത്തെ പ്രതിദിന ഉല്പാദനം 2.785 മില്യന്‍ ബാരലായി ഉയരും. കഴിഞ്ഞ ആഴ്ച കൂടിയ ഒപെക് രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരുടെ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണിത്. ആദ്യ ഘട്ടത്തില്‍ ഒപെകിലെ അംഗരാജ്യങ്ങളും പുറത്തുള്ള രാജ്യങ്ങളും ഉല്പാദനം കൂട്ടുകയാണ് ചെയ്യുക. ഒരു മാസം കഴിഞ്ഞാല്‍ ഇത് വിപണിയില്‍ എങ്ങിനെ പ്രതിഫലിച്ചിട്ടുണ്ടെന്ന് പരിശോധിക്കുകയും ആവശ്യമായ തുടര്‍ നടപടികള്‍ കൈകൊള്ളുകയും ചെയ്യും.
ഉല്പാദനത്തില് ഓരോ രാജ്യങ്ങളും വര്‍ധിപ്പിക്കേണ്ട ഓഹരി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എണ്ണ വിപണിയില്‍ ആഗോള തലത്തില്‍ വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കുറച്ചിരുന്നു. രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന ഉത്പാദന നിയന്ത്രണത്തിന് ശേഷം ആദ്യമായാണ് കുവൈത്ത് എണ്ണ ഉല്പാദനം കൂട്ടുന്നത്.