വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതിയെന്ന ആവശ്യം നിരാകരിച്ച് കുവൈത്ത് മന്ത്രിസഭ
|വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്നാണ് പാർലമെന്റിൽ വന്ന നിർദേശം.
വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന നിർദേശം കുവൈത്ത് മന്ത്രിസഭ നിരാകരിച്ചു. റെമിറ്റൻസ് ടാക്സ് നടപ്പാക്കിയാൽ സമ്പദ്ഘടനയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്ന് വിലയിരുത്തിയാണ് മന്ത്രിസഭ നിർദേശം തള്ളിയത്. ഒക്ടോബറിൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ നികുതി വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രിസഭ ഈ വിഷയത്തിലുള്ള നിലപാട് അറിയിച്ചത്.
വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തണമെന്ന നിർദേശത്തിന്മേൽ പാർലമെൻറിലെ നിയമകാര്യ സമിതിക്കും സാമ്പത്തികകാര്യ സമിതിക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. നികുതി ഏർപ്പെടുത്തണമെന്ന് സാമ്പത്തികകാര്യ സമിതി വാദിക്കുമ്പോൾ നിയമകാര്യ സമിതി നികുതിനിർദേശം രാജ്യത്തിനു ദോഷം ചെയ്യും എന്ന നിലപാടിലാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ 17ന് നടന്ന പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയിൽ നികുതി വിഷയം ഉൾപെടുത്തിയിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഒക്ടോബറിൽ ബിൽ വീണ്ടും പാർലിമെന്റിൽ പരിഗണനക്ക് വരും. അതിന് മുന്നോടിയായാണ് സർക്കാർ നിലപാട് അറിയിച്ചത്. ടാക്സ് ഏർപ്പെടുത്തുന്നത് സമ്പദ്‌ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി വിലയിരുത്തിയിരുന്നു.ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.
വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്നാണ് പാർലമെന്റിൽ വന്ന നിർദേശം. വിദേശികൾക്ക് മാത്രം നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നു ചൂണ്ടിക്കാട്ടി പാർലമെന്റിൽ നിയമകാര്യ സമിതി നിർദേശത്തെ എതിർത്തു. എന്നാൽ എണ്ണയിതര വരുമാന മാർഗങ്ങൾ കണ്ടെത്താനായി വിദേശികൾക്ക് റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടിലാണ് സാമ്പത്തികകാര്യ സമിതി.