ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ്
|ഗതാഗതക്കുരുക്കിന് വിദേശികളെ മാത്രം പഴി പറയുന്നതിൽ കാര്യമില്ലെന്നും പകരം അടിസ്ഥാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ്. ഗതാഗതക്കുരുക്കിന് വിദേശികളെ മാത്രം പഴി പറയുന്നതിൽ കാര്യമില്ലെന്നും പകരം അടിസ്ഥാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു. വിദേശികളാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണമെന്ന പാർലിമെന്റ് അംഗങ്ങളുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു കെ.എസ്.ഇ ചെയർമാൻ ഫൈസൽ അൽ അത്തൂൽ.
പൊതു ഗതാഗത സംവിധാനങ്ങളോട് രാജ്യം പുറം തിരിഞ്ഞു നിൽക്കുന്നതാണ് നിരത്തുകളിൽ തിരക്കുണ്ടാകുന്നതിനു പ്രധാനകാരണമായി എഞ്ചിനിയേഴ്സ് സൊസൈറ്റി വിലയിരുത്തുന്നത്. ഇത് പരിഹരിക്കാൻ പൊതു ഗതാഗത സംവിധാനങ്ങൾ നിത്യ ജീവിതത്തിന്റെ ഭാഗമാകുന്ന സംസ്കാരം വളർത്തിയെടുക്കണം. ഓരോരുത്തരും ഓരോ വാഹനങ്ങളിൽ ജോലിക്കു പോകുന്ന സാഹചര്യമാണുള്ളത്. ഇതൊഴിവാക്കി പൊതു വാഹനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകണം.
കാപിറ്റൽ ഗവർണറേറ്റിൽ കേന്ദ്രീകൃത പാർക്കിങ് സംവിധാനം ഏർപ്പെടുത്തുക, വിദേശികൾക്കുള്ള ആരോഗ്യ കേന്ദ്രങ്ങൾ ആൾത്തിരക്കൊഴിഞ്ഞ കേന്ദ്രങ്ങളിൽക്കു മാറ്റുക, മെട്രോ യാഥാർഥ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും കെ.എസ്.ഇ മുന്നോട്ടു വെക്കുന്നു. ദുബായ് മെട്രോ യാഥാർഥ്യമായതോടെ നൂറോളം തൊഴിൽ വിഭാഗങ്ങൾക്ക് ലൈസൻസ് പുതുക്കി നല്കാതിരുന്ന കാര്യവും സൊസൈറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്കിന് വിദേശികൾ മാത്രമായിട്ട് പ്രത്യേക സംഭാവനയൊന്നും നൽകുന്നില്ല. നിർദേശങ്ങൾ സ്വദേശികൾക്കും ബാധകമാണ്. ആരോഗ്യകേന്ദ്രങ്ങളും സ്കൂളുകളും ജംഇയകളും ഒക്കെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാന് രാജ്യത്തെ സാഹചര്യമെന്നും ജോലി സമയം മാറ്റുന്നത് കൊണ്ട് നിരത്തുകളിലെ തിരക്ക് കുറക്കാമെന്ന് കരുതുന്നില്ലെന്നും എൻജിനീയർ ഫൈസൽ അൽ ഉത്തൂൽ പറഞ്ഞു.