കുവൈത്തില്‍ പലരില്‍ നിന്നായി 2 കോടിയോളം തട്ടിയെടുത്ത് മലയാളി ദമ്പതികള്‍ മുങ്ങിയതായി പരാതി
|മംഗഫ് ബ്ലോക്ക് നാലില്‍ ‘കളരി ഫിറ്റ്നസ് സെന്റര്‍’ എന്നപേരില്‍ യോഗ, എയറോബിക്സ് പരിശീലന സ്ഥാപനം നടത്തിയിരുന്ന രാധിക ജയകുമാര്‍, ഭര്‍ത്താവ് ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
കുവൈത്തില്‍ മലയാളി ദമ്പതികള്‍ പലരില്‍നിന്നായി രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. മംഗഫ് ബ്ലോക്ക് നാലില്‍ 'കളരി ഫിറ്റ്നസ് സെന്റര്‍' എന്നപേരില്‍ യോഗ, എയറോബിക്സ് പരിശീലന സ്ഥാപനം നടത്തിയിരുന്ന രാധിക ജയകുമാര്‍, ഭര്‍ത്താവ് ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സ്ഥാപന ഉടമയായ സ്വദേശിയുടെ നേതൃത്വത്തില്‍ തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.
മൊത്തം 75000 ദീനാറിന്റെ നിക്ഷേപ തട്ടിപ്പാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. 2016 സെപ്റ്റംബറിലാണ് സ്ഥാപനം തുടങ്ങിയത്. തുടക്കത്തില്‍ സ്പോണ്‍സര്‍ക്ക് ലാഭവിഹിതം കൃത്യമായി നല്‍കിയിരുന്നു. 2018 ഏപ്രില്‍ ഒമ്പതിനാണ് ഇരുവരും കുവൈത്ത് വിട്ടത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഇവര്‍ പലിശക്ക് കടമെടുത്തതായും വാര്‍ത്താസമ്മേളനം നടത്തിയവര്‍ ആരോപിച്ചു. സ്‌പോണ്‍സര്‍ ജമാല്‍ അല്‍ ദൂബിനു പുറമെ ശില്‍പ, അനീഷ്, സ്‌നേഹ് ശരത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.