മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കുവൈത്തിലെ മലയാളി വ്യവസായി
|ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്താതെ തന്നെ തന്റെയും ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളത്തിനു തത്തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് മഹ്മൂദ് നല്‍കും
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കായി മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്തു വ്യത്യസ്തനാവുകയാണ് കുവൈത്തിലെ ഒരു മലയാളി വ്യവസായി. മുഖ്യമന്ത്രിയുടെ നിര്‍ദേശം വൈകാരികമായി ഏറ്റെടുത്തു തന്റെ സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികൾക്കും കേരളത്തിന്റെ പുനർ നിർമാണ പ്രക്രിയയില്‍ പങ്കാളിത്തം നൽകുന്ന രീതിയിലാണ് അപ്സര വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായ മഹ്മൂദ് ഈ പദ്ധതിയിലേക്കുള്ള വിഹിതം നല്‍കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മലയാളികള്‍ ഒരു മാസത്തെ വേതനം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കുവൈത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ അപ്സര ബസാര്‍ മാനേജിംഗ് പാര്‍ട്ട്ണറും സാമൂഹിക പ്രവര്‍ത്തകനുമായ മഹ്മൂദ് തന്റെയും ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് മുന്നോട്ടു വന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്താതെ തന്നെ തന്റെയും ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളത്തിനു തത്തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇരുപത്തി രണ്ടു ലക്ഷത്തി അറുനൂറ്റി രണ്ടു രൂപയില്‍ (22,00,602)നിന്നും ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ കഴിഞ്ഞ ദിവസം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ട്ടര്‍ അജിത് കുമാറിന് കൈമാറി. പത്തു മാസമെടുത്ത് ഗഡുക്കളായി മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള ദുരിതാശ്വാസ പദ്ധതിയില്‍ പങ്കാളികളാകാനുള്ള സ്ഥാപന ഉടമയുടെ തീരുമാനം ഏറെ സന്തോഷം നല്കുന്നതാണെന്നു പറയാന്‍ ജീവനക്കാരും മറന്നില്ല. കുവൈത്തിലെ കാസര്‍കോട് നിവാസികളുടെ കൂട്ടായ്മയായ കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് രക്ഷാധികാരി കൂടിയായ മഹ്മൂദ് കുവൈത്തിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യവുമാണ്.