ഗൾഫ് പ്രതിസന്ധി: ട്രംപുമായി കുവൈത്ത് അമീറിന്റെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം
|ഇൗ മാസം അഞ്ചിനാണ് വൈറ്റ് ഹൗസിൽ ട്രംപുമായി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് ചർച്ച നടത്തുക
ഗൾഫ് പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ യു.എസ്
പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കുവൈത്ത് അമീറിന്റെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെ. വൈറ്റ്ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഗൾഫ്മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ ഇരുനേതാക്കളും ചർച്ച ചെയ്യും.
ഇൗ മാസം അഞ്ചിനാണ് വൈറ്റ്ഹൗസിൽ ട്രംപുമായി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് ചർച്ച നടത്തുക. ജനീവയിൽ യെമൻ സമാധാന സംഭാഷണം നടക്കാനിരിക്കെ, അതിനു തന്നെയാവും ചർച്ചയിൽ മുൻതൂക്കം. ഉന്നതതല കുവൈത്ത് സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം രൂപപ്പെടുത്താൻ സ്വീകരിക്കുന്ന നടപടികളും ചർച്ചയിൽ ഇടം പിടിച്ചേക്കും.
കഴിഞ്ഞ വർഷം ജൂൺ മുതൽ ഖത്തറുമായുള്ള എല്ലാ ബന്ധവും വിഛേദിച്ച സൗദി അനുകൂല രാജ്യങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പ്രതിസന്ധി പരിഹാരത്തിന് ട്രംപും കുവൈത്ത്അമീറും മുന്നിട്ടിറങ്ങിയെങ്കിലും ഇരു വിഭാഗവും ഉറച്ചു നിന്നതോടെ നീക്കം പാളി. നിലവിലെ സാഹചര്യത്തിൽ സമവായനീക്കം പുനരാരംഭിക്കുക എളുപ്പമല്ലെങ്കിൽ കൂടി ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഫോർമുല ട്രംപ് മുന്നോട്ട് വെക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഉഭയകക്ഷി ചർച്ചകൾക്കൊപ്പം മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടുമെന്ന് കുവൈത്തിലെ യു.എസ് സ്ഥാനപതി ലോറൻസ് സിൽവർമാൻ പറഞ്ഞു.