വിനിമയ മൂല്യത്തിൽ ദീനാർ സർവകാല റെക്കോഡില്‍
|ഒരു ദീനാറിന് 235 രൂപക്ക് മുകളിൽ ആണ് ലഭിക്കുന്നത്
രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമ്പാൾ ഒാരോ ദിവസവും റെക്കോഡ് സ്ഥാപിച്ച് കുവൈത്ത് ദീനാർ. രൂപയുമായുള്ള വിനിമയ മൂല്യത്തിൽ ചൊവ്വാഴ്ച ദീനാർ സർവകാല റെക്കോഡാണ് കൈവരിച്ചത്. ഒരു ദീനാറിന് 235 രൂപക്ക് മുകളിൽ ലഭിക്കുന്ന അവസ്ഥയാണുള്ളത്.
സാധാരണ രൂപയുടെ മൂല്യം ഇടിയുമ്പാൾ 225, 230 രൂപക്ക് ഇടയിലാണ് നിന്നിരുന്നത് എങ്കിൽ കഴിഞ്ഞ ഒാരോ ദിവസവും പുതിയ റെക്കോഡ് സ്ഥാപിക്കുകയായിരുന്നു. ഒരു ദീനാറിന് 230 രൂപയും കടന്ന് മുന്നേറിയപ്പോഴും 235 കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ പോലും പ്രതീക്ഷിച്ചില്ല. എന്നാൽ, ചൊവ്വാഴ്ച ഉച്ചക്ക് 236 വരെയെത്തി. വൈകുന്നേരത്തോടെ രൂപ നേരിയ തോതിൽ തിരിച്ചുവന്നതോടെ ഒരു ദീനാറിന് 235നും 236നും ഇടയിലാണുള്ളത്.
രൂപയുടെ മൂല്യം വലിയ രീതിയിൽ ഇടിഞ്ഞതോടെ മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കൂടി ലഭിച്ച സമയമായതിനാൽ പ്രവാസികൾ അനുഗ്രഹമായി കണ്ട് പണം അയക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മുതൽ വലിയ തിരക്കായിരുന്നു എക്സ്ചേഞ്ചുകളിൽ. മാസത്തിലെ ആദ്യ വാരം എക്സ്ചേഞ്ചുകളിൽ സ്വാഭാവികമായി ഉണ്ടാവാറുള്ളതിന്റെ ഇരട്ടിയാണ് ഇക്കുറി തിരക്ക് അനുഭവപ്പെടുന്നതെന്ന് പ്രമുഖ മണി എക്സ്ചേഞ്ച് ജീവനക്കാർ പറയുന്നു. പലരും പണം കടം വാങ്ങിയും നാട്ടിലേക്ക് അയക്കുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണമെത്തിക്കാനുള്ള അവസരമായും പലരും സന്ദർഭം പ്രയോജനപ്പെടുത്തി. യു.എ.ഇ ദിർഹത്തിന് ഇന്നലെ 19.50 രൂപ വരെ ലഭിച്ചിട്ടുണ്ട്. ഒമാൻ റിയാലിന് 185.35 രൂപ ലഭിച്ചു. ഖത്തർ റിയാലിന് 19.30 ആണ് എക്സ്ചേഞ്ചുകളിൽ ലഭിച്ച ഏറ്റവും കുറഞ്ഞ മൂല്യം.