കുവെെത്തില്‍ ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യക സമിതി
|അലർജിക്കുള്ള ചികിത്സതേടി കാപിറ്റൽ മെഡിക്കൽ സെൻററിൽ എത്തിയ 13 കാരിയായ ബാലികയാണ് അബദ്ധത്തിൽ മരുന്ന് മാറി കുത്തിവെച്ച് മരണപ്പെട്ടത്
കുവൈത്തിൽ ചികിത്സക്കിടെ ഡോക്ടറുടെ പിഴവ് കാരണം കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയമിച്ചു. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അൽ സബാഹിെൻറ നിർദേശപ്രകാരമാണ് സമിതിക്ക് അന്വേഷണ ചുമതല നൽകിയത്. മന്ത്രാലയത്തിലെ വിദഗ്ധ ഉപദേഷ്ടാക്കളും കുവൈത്ത് യൂനിവേഴ്സിറ്റിയിലെ ഡോക്ടർമാരും അടങ്ങുന്നതാണ് സമിതി. സംഘം സംഭവത്തിൽ തെളിവെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.
മരിച്ച ബാലികയുടെ കുടുംബാംഗങ്ങളെയും ആശുപത്രി അധികൃതരെയും കാണുന്ന സംഘം കേന്ദ്രത്തിലെ ചികിത്സാ സംവിധാനങ്ങൾ പ്രത്യേകമായി നിരീക്ഷിക്കുമെന്നും മുസ്തഫ റിദ കൂട്ടിച്ചേർത്തു. അലർജിക്കുള്ള ചികിത്സതേടി കാപിറ്റൽ മെഡിക്കൽ സെൻററിൽ എത്തിയ 13 കാരിയായ സ്വദേശി ബാലികയാണ് കുത്തിവെപ്പിനിടെ മരിച്ചത്. അബദ്ധത്തിൽ മരുന്ന് മാറി കുത്തിവെപ്പ് നടത്തിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഡോക്ടർക്കെതിരെ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.