കുവൈത്ത് തൊഴില്‍ മേഖലയിലെ പ്രതിസന്ധി: നേപ്പാളില്‍ നിന്ന് തൊഴിലാളികളെ കൊണ്ട് വരാന്‍ നീക്കം
|കുവൈത്തില്‍ ഗാർഹിക തൊഴിൽ മേഖലയിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നേപ്പാളിൽനിന്ന് കൂടുതൽ തൊഴിലാളികളെ കൊണ്ടുവരാൻ നീക്കം. ഫിലിപ്പെൻസിൽ നിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ നിലച്ചതിനെ തുടർന്നാണ് ഗാര്‍ഹിക തൊഴില്‍മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്.
നേപ്പാൾ എംബസിയുടെ പരിപാടിയില്‍ കുവൈത്ത് വിദേശകാര്യമന്ത്രാലയ പ്രതിനിധി അലി അൽ സഈദ് ആണ് കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി സാമൂഹികക്ഷേമ-തൊഴിൽകാര്യ മന്ത്രി ഹിന്ദ് അൽ സബീഹ് നേപ്പാൾ സന്ദർശിക്കും. അതിന് മുമ്പായി ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നേപ്പാൾ സർക്കാറിന്റെ ഔദ്യോഗിക സംഘം കുവൈത്തിലെത്തുമെന്നും അലി അൽ സഈദ് പറഞ്ഞു. നിലവിൽ മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് നേപ്പാള്‍ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറവാണ്. ഇത് ക്രമാനുസൃതമായി വർധിപ്പിക്കാനാണ് ആലോചന. രാജ്യത്ത് മുത്തലാഅ്, സഅദ് അൽ അബ്ദുല്ല, സബാഹ് അൽ അഹ്മദ് ഉൾപ്പെടെ പുതിയ പാർപ്പിട സിറ്റികൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലേക്ക് ആയിരക്കണക്കിന് ഗാർഹിക തൊഴിലാളികളെ ആവശ്യമായി വരും. അവകൂടിമുന്നിൽ കണ്ടുള്ള ദീർഘകാല കരാറുകളിലായിരിക്കും കുവൈത്ത് ഒപ്പുവെക്കുക.