മയക്കുമരുന്നിനെതിരായ ആഗോള കരാറില്‍ പങ്കു ചേര്‍ന്ന് കുവെെത്ത്
|അമേരിക്ക കൊണ്ടുവന്ന കരാറിലാണ് കുവൈത്ത് അടക്കം ഐക്യരാഷ്ട്രസഭയിലെ 129 രാജ്യങ്ങൾ ഒപ്പുവെച്ചത്
മയക്കുമരുന്നിനെതിരായ ആഗോള പോരാട്ടത്തിനുള്ള കരാറിൽ കുവൈത്ത് ഒപ്പുവെച്ചു. അമേരിക്ക കൊണ്ടുവന്ന കരാറിലാണ് കുവൈത്ത് അടക്കം ഐക്യരാഷ്ട്രസഭയിലെ 129 രാജ്യങ്ങൾ ഒപ്പുവെച്ചത്. പൊതുജനാരോഗ്യത്തിനും ദേശീയ സുരക്ഷക്കും മയക്കുമരുന്ന് ഉൽപാദനവും വിപണനവും ഉപയോഗവും ഭീഷണിയുയർത്തുന്നതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു.
മയക്കുമരുന്ന് ആഗോള തലത്തിൽ തന്നെ പ്രശ്നമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ ലോക നേതാക്കൾ ഒത്തുചേർന്നപ്പോഴും മയക്കുമരുന്നിനെതിരെ ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ മയക്കുമരുന്നിനെതിരെ ദേശീയ ആക്ഷൻ പ്ലാൻ തയാറാക്കും. ബോധവത്കരണം, ചികിത്സ, നിയമ- നീതിന്യായ വ്യവസ്ഥകളിൽ അന്താരാഷ്ട്ര സഹകരണം, ഉൽപാദനം അവസാനിപ്പിച്ച് മയക്കുമരുന്ന് വിതരണം കുറക്കൽ തുടങ്ങിയവയിലൂടെ നിരോധിത മരുന്നുകളുടെയും മയക്കുമരുന്നുകളുടെയും ആവശ്യകത ഇല്ലാതാക്കുകയാണ് കരാറിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത്തരം നടപടികൾ സ്വീകരിച്ചാൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
സംഘടിത കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധ പണമൊഴുക്ക്, അഴിമതി, ഭീകരത എന്നിവ തടയാനും മയക്കുമരുന്ന് ഉൽപാദനവും വിപണനവും ഇല്ലാതാക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എെക്യരാഷ്ട്രസഭയുടെ 73ാമത് സെഷന്റെ ഭാഗമായി മയക്കുമരുന്ന് എന്ന ആഗോള പ്രശ്നം വിഷയത്തിൽ നടന്ന ചര്‍ച്ചയില്‍ കുവൈത്തിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആണ് പെങ്കടുത്തത്. മയക്കുമരുന്നുകൾക്കെതിരെ പോരാടുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള വിവിധ ആശയങ്ങളും നടപടികളും യോഗത്തിൽ ചർച്ചയായി.