സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം
|സംശയകരമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്റർ അധികൃതർക്ക് മന്ത്രാലയം നിർദേശം നൽകി
സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി. മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി. സംശയകരമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്റർ അധികൃതർക്ക് മന്ത്രാലയം നിർദേശം നൽകി.
വ്യാജപേരും ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ട്വിറ്റർ അക്കൗണ്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജന്മാർക്കെതിരെ ആഭ്യന്ത മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. വ്യക്തികൾക്കെതിരെയും രാജ്യങ്ങൾക്കെതിരെയും രാഷ്ട്ര നേതൃത്വങ്ങൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങളും തെറ്റായ ആരോപണങ്ങളും നടത്തുന്നതിന് ഉപയോഗിക്കുന്നതിലധികവും വ്യാജ അക്കൗണ്ടുകളാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ദേശീയ ഐക്യം ചോദ്യം ചെയ്യുംവിധമുള്ള നടപടികൾ അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തിനകത്തുള്ളവരായാലും പുറത്തുള്ളവരായാലും അതിരുവിട്ട പ്രവർത്തനങ്ങൾ മന്ത്രാലയം അംഗീകരിക്കില്ല. ഇത്തരക്കാർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയത്തിന് അവകാശമുണ്ട്. നിയമവിധേയമല്ലാത്തതും ദുരൂഹത നിറഞ്ഞതുമായ അക്കൗണ്ടുകളുമായി ഇടപെടുന്നത് സ്വദേശികളും വിദേശികളും സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. വ്യാജ പേരുകളിൽ പ്രവർത്തിച്ച ഏതാനും അക്കൗണ്ടുകൾ സൈബർ ക്രൈം വകുപ്പിെന്റെ നിർദേശാനുസരണം മരവിപ്പിച്ചതായും സൈബർ ക്രൈം വിഭാഗം അറിയിച്ചു.