കുവൈത്തിൽ സർക്കാർ ക്ലിനിക്കിൽ ചികിത്സക്കിടെ ബാലിക മരിക്കാനിടയായ സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ നടപടി
|കുവൈത്തിൽ സർക്കാർ ക്ലിനിക്കിൽ ചികിത്സക്കിടെ ബാലിക മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. വിദേശിയായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും കോടതി നടപടികൾ അവസാനിക്കുന്നതു വരെ രാജ്യംവിടാതിരിക്കാനുള്ള നടപടികൾ കൈകൊള്ളാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു. മരുന്ന് മാറി നൽകിയതാണ് മരണകാരണമെന്ന മെഡിക്കൽ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്.
മൂന്നാഴ്ച മുമ്പ് കാപിറ്റൽ ഗവർണറേറ്റിലെ മെഡിക്കൽ സെൻററിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അസുഖത്തെ തുടർന്ന് സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വദേശി ബാലികയാണ് ചികിത്സയിലായിരിക്കെ മരണപ്പെട്ടത്. സംഭവം ഏറെ വിവാദമായതിനെ തുടർന്നു അന്വേഷത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ദിവസങ്ങൾ നീണ്ട തെളിവെടുപ്പിന് ശേഷം ഡോക്ടർ മരുന്ന് മാറിനൽകിയതാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കൽ സമിതി കണ്ടെത്തി. ഇതേ തുടർന്നാണ് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അസ്സബാഹ് ഡോക്ടറെ സർവിസിൽനിന്ന് പിരിച്ചുവിടാനും കേസ് നടപടികൾ തുടരാനും പ്രത്യേക ഉത്തരവിറക്കിയത്. കോടതി നടപടികൾ അവസാനിക്കുന്നതുവരെ ഡോക്ടർ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതിനിടെ, ഉയർന്ന മെഡിക്കൽ യോഗ്യതകളുള്ളവർ മാത്രമേ ആരോഗ്യമേഖലകളിൽ നിയമിക്കപ്പെടുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്ക് പ്രധാന പരിഗണനയാണ് മന്ത്രാലയം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.