മൊബെെല്‍ കയ്യില്‍ വെച്ച് വാഹനമോടിച്ചാല്‍ ‘പണി’ കിട്ടും
|ഇത്തരം അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാനാണ് നിര്‍ദേശം. അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ച് റോഡ് സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നവർക്ക് എതിരെയും സമാന നടപടിയുണ്ടാകും.
കുവൈത്തിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാൻ നിർദേശം. ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ട്രാഫിക് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. റോഡ് സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങൾ പെരുകിയ പശ്ചാത്തലത്തിലാണ് ഇതിനെതിരെ നടപടി കർശനമാക്കാൻ പൊതുഗതാഗത വകുപ്പ് തീരുമാനിച്ചത്. സ്വദേശി-വിദേശി ഭേദമില്ലാതെ ഇത്തരക്കാരുടെ വാഹനം രണ്ടുമാസത്തേക്ക് കസ്റ്റഡിയിലെടുക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച കർശന നിർദേശം.
അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ച് റോഡ് സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നവർക്ക് എതിരെയും സമാന നടപടി സ്വീകരിക്കാൻ നിർദേശമുണ്ട്. ബൈക്ക് യാത്രികരുടെ അപകടകരമായ സഞ്ചാരവും അഭ്യാസ പ്രകടനങ്ങളും റോഡ് സുരക്ഷക്ക് വലിയതോതിൽ ഭീഷണിയായതിനാൽ ഇത്തരക്കാരെ പിടികൂടാൻ തുടർച്ചയായ പരിശോധന നടത്താനും ഗതാഗത വകുപ്പ് മേധാവി നിർദേശിച്ചു.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകരുതെന്ന് ഗതാഗത വകുപ്പ് രക്ഷിതാക്കളോട് അഭ്യർഥിച്ചു. കുട്ടികൾ സ്കൂളിലേക്ക് വാഹനമോടിച്ചു വന്നാൽ വാഹനം കസ്റ്റഡിയിലെടുക്കുന്നതോടൊപ്പം കുട്ടികളെ ജുവനൈൽ കോടതിയിൽ അയക്കുകയും ചെയ്യും. ഇത്തരം കുട്ടികൾക്ക് പ്രായപൂർത്തിയായാൽ ലൈസൻസ് എടുക്കുന്നതിനും തടസ്സമുണ്ടാവുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.