മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കുവൈത്ത് പ്രധാനമന്ത്രി
|നിർത്താതെ പെയ്ത മഴയിൽ വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചവരെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ തയാറാക്കാൻ ബന്ധപ്പെട്ട സമിതിക്ക് നിർദേശം നൽകി
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കുവൈത്ത് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്ച സബ്ഹാനിലെ ദുരന്തമേഖലയിലെ കൺട്രോൾ റൂം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിർത്താതെ പെയ്ത മഴയിൽ വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചവരെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ തയാറാക്കാൻ ബന്ധപ്പെട്ട സമിതിക്ക് നിർദേശം നൽകിയാതായി പ്രധാനമന്ത്രി പറഞ്ഞു. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിവിധ സേനാ വിഭാഗങ്ങളെയും സന്നദ്ധപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
വർഷങ്ങൾക്ക് ശേഷമാണ് കുവൈത്ത് ജനത ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാക്ഷിയാകുന്നത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ മഴവെള്ളം പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. എല്ലാവര്‍ക്കും അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും ശൈഖ് ജാബിർ മുബാറക് അൽ സബാഹ് കൂട്ടിചേർത്തു.
അതിനിടെ പ്രളയദിനങ്ങളിൽ ഇഖാമ കാലാവധി കഴിയുകയും പുതുക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത ആളുകളിൽനിന്ന് നാലുദിവസത്തെ പിഴ ഈടാക്കില്ലെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ മോശം കാലാവസ്ഥ കാരണം സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള രണ്ട് ദിനങ്ങൾൾ വാരാന്ത്യ അവധിയാണ്. ഈ സാഹചര്യത്തിൽ പ്രത്യേക ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച മാത്രമാണ് ഇഖാമ പുതുക്കി നൽകുന്ന നടപടി പുനരാരംഭിക്കുക.