കുവെെത്ത് പ്രളയം; മുന്നൂറ് ദശലക്ഷം ദീനാറിന്റെ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്
|വീടുകളും കാറുകളും കേടുവന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ വിദേശികളെ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല.
കുവൈത്തിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 300 ദശലക്ഷം ദീനാറിൻറെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. സാമ്പത്തിക എൻജിനീയറിങ്, ഇൻഷുറൻസ് മേഖലകളിലെ വിദഗ്ധരിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അൽ ഖബസ് ദിനപത്രമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും വാഹനങ്ങളുൾപ്പെടെയുള്ള വസ്തുവകകളും നശിച്ചതുവഴിയുള്ള പ്രത്യക്ഷ നഷ്ടവും സംവിധാനങ്ങൾ നിശ്ചലമായത് വഴിയുള്ള പരോക്ഷ നഷ്ടവും ചേർത്തുള്ള കണക്കാണിത്. പ്രത്യക്ഷ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വ്യാപാര നഷ്ടം ഉൾപ്പെടെ പരോക്ഷ നഷ്ടങ്ങൾക്ക് പരിഹാരമുണ്ടാവില്ല.
വീടുകളും കാറുകളും കേടുവന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ വിദേശികളെ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല. വിദേശികളുടെയും നൂറുകണക്കിന് കാറുകൾ വെള്ളത്തിൽ മുങ്ങി നശിച്ചിട്ടുണ്ട്. അപ്രതീക്ഷിത അവധി മൂലമുള്ള പരോക്ഷ നഷ്ടം ഒരുദിവസത്തേക്ക് കണക്കാക്കിയിട്ടുള്ളത് 50 ദശലക്ഷം ദീനാറാണ്.
വരും ദിവസങ്ങളിൽ അധിക ഉൽപാദനം നടക്കുന്നതിലൂടെ ഇതിൽ ഒരു ഭാഗം നികത്തപ്പെടുമെന്നാണ് പ്രതീക്ഷ. തകർന്ന റോഡുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനരുദ്ധരിക്കാനും ഡ്രെയിനേജ് സംവിധാനത്തിലെ അപാകത തീർക്കാനും കോടിക്കണക്കിന് ദീനാർ സർക്കാർ വകയിരുത്തേണ്ടി വരും. നഷ്ടപരിഹാരം നൽകാനും വലിയൊരു തുക മാറ്റിവെക്കേണ്ടി വരുന്നതോടെ ബജറ്റ് താളം തെറ്റുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു