കുവെെത്ത് വിദ്യഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ പിരിച്ചു വിടുന്നു
|വിദ്യാഭ്യാസ മന്ത്രാലയത്തിലെ മൊത്തം വിദേശ ജീവനക്കാരെ സംബന്ധിച്ച വിശദ വിവരങ്ങളും സിവിൽ സർവിസ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുവെെത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും വിദേശികളെ പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകി. നിലവിലെ അധ്യയന വര്‍ഷം പൂർത്തിയാകുന്ന മുറക്ക് ഇത്രയും പേരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം എന്നുമാണ് നിർദേശം.
312 അധ്യാപകർ, 223 സാമൂഹകിക-മനഃശാസ്ത്ര ഗവേഷകർ, 604 സപ്പോർട്ട് ജീവനക്കാർ എന്നിങ്ങനെ 1186 ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനാണ് സിവിൽ സർവീസ് കമ്മീഷൻ നിർദേശിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മൊത്തം വിദേശ ജീവനക്കാരെ സംബന്ധിച്ച വിശദ വിവരങ്ങളും സിവിൽ സർവിസ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം വിവരം നൽകിയില്ലെങ്കിൽ വിദേശ ജീവനക്കാർക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കമീഷൻ അറിയിച്ചതായാണ് സൂചന.
പൊതുമേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിൽ ഇനിയും അവശേഷിക്കുന്ന കുവൈത്തികള്‍ അല്ലാത്തവരുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ നേരത്തെയും സിവിൽ സർവീസ് കമീഷൻ വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. 2017- 2018 സാമ്പത്തിക വർഷത്തിൽ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും നിശ്ചിത എണ്ണം വിദേശ ജീവനക്കാരെ മാറ്റി പകരം കുവൈത്തികളെ നിയമിക്കണമെന്ന് ഉത്തരവുമുണ്ട്.