കുവെെത്ത് മരുപ്രദേശങ്ങളില്‍ കുഴിബോംബുകള്‍; നിര്‍വീര്യമാക്കല്‍ പുരോഗമിക്കുന്നു
|അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യ വ്യാപകമായി കുഴിബോംബുകൾ പാകിയിരുന്നു.
കുവൈത്തിലെ മരുപ്രദേശങ്ങളിൽ നിന്ന് 48 കുഴിബോംബുകൾ നിർവീര്യമാക്കിയതായി പോലീസ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മരുഭൂമിയിൽ കാണുന്ന അപരിചിത വസ്തുക്കളിൽ നിന്ന് അകലം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അധിനിവേശ കാലത്ത് ഇറാഖ് സൈന്യം പാകിയതാണെന്ന് കരുതുന്ന കുഴിബോംബുകളാണ് ജഹ്റയിലെ മരുപ്രദേശത്തു നിന്നും കണ്ടെടുത്തത്. കനത്ത മഴയിൽ മണ്ണൊലിച്ച് പുറത്തേക്ക് വന്നതാണിത്. മരുഭൂമിയിൽ അജ്ഞാത വസ്തു ശ്രദ്ധയിൽ പെട്ടവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ഇവ നിർവീര്യമാക്കുകയുമായിരുന്നു. ജഹ്റ ഗവർണറേറ്റിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 48 കുഴിബോംബുകളാണ് അധികൃതർ നിർവീര്യമാക്കിയത്.
സംശയസാഹചര്യത്തിലുള്ള അപരിചിത വസ്തുക്കൾ തൊടരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും സംശയിക്കത്തക്ക സാധനങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്വയം കൈകാര്യം ചെയ്യാതെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണം.
അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യ വ്യാപകമായി കുഴിബോംബുകൾ പാകിയിരുന്നു. കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളിൽ ആട്ടിടന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. മരുഭൂമിയിൽ ടെന്റുകൾ അനുവദിക്കുന്നതു നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു സിവിൽ ഡിഫൻസ് നൽകിയ റിപ്പോർട്ടിൽ, മൈനുകളുടെ സാന്നിധ്യം ഒരു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.