Kuwait
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കുവൈത്ത്
Kuwait

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കുവൈത്ത്

Web Desk
|
3 Dec 2018 8:16 PM GMT

സ്വിസ് ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ആൻഡ് കോ ഓപ്പറേഷനുമായി സഹകരിച്ചാണ് നിയമസഹായപദ്ധതി നടപ്പാക്കുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി നിയമ വിദഗ്ധരെ നിയോഗിക്കുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ദആം പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സ്വിസ് ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ആൻഡ് കോ ഓപ്പറേഷനുമായി സഹകരിച്ചാണ് നിയമസഹായപദ്ധതി നടപ്പാക്കുന്നത്.

വിദേശതൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്‍നങ്ങളിൽ ഇടപെടുന്നതിനും പരാതികളിൽ തുടർനടപടികൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ദആം അഥവാ സപ്പോർട്ട് എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെയും ഗാർഹിക തൊഴിലാളി വകുപ്പിന്‍റെയും പിന്തുണയോടെ സ്വിസ് ഏജൻസിയുമായി ചേർന്നാണ് ഒരു വർഷം നീളുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ തുടർച്ചയാണ് തൊഴിലാളികൾക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനായി അഞ്ചു അഭിഭാഷകരെ നിയമിക്കാനുള്ള തീരുമാനം. നയതന്ത്ര പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് പദ്ധതി തയാറാക്കിയത്. സൊസൈറ്റി സംഘടിപ്പിച്ച വർക്ക് ഷോപ്പിൽ വിവിധ മേഖലകളിലെ 30 പ്രമുഖർ സംബന്ധിച്ചു.

തൊഴിൽ പ്രശ്നങ്ങളിൽ തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ഖാലിദ് അൽ ഹുമൈദി പറഞ്ഞു. തൊഴിലാളികൾക്ക് വേണ്ടി വിവിധ വിദേശ ഭാഷകളിൽ സേവനം നല്‍കിവരുന്നുണ്ട്. മതിയായ ജീവനക്കാരുടെ അഭാവം പരാതികളിൽ ഇടപെടുന്നതിന് തടസ്സമാകുന്നുണ്ട്. ദആം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ എല്ലാ ഭാഷകളിലും നിയമ സഹായം ലഭ്യമാക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്നും ഖാലിദ് അൽ ഹുമൈദി കൂട്ടിച്ചേർത്തു.

Related Tags :
Similar Posts