സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഒരു വർഷത്തിനിടെ 2799 വിദേശികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്
|കുവൈത്തിൽ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി വിവിധ സർക്കാർ ഡിപ്പാർട്ടുമെൻറുകളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ 2799 വിദേശികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സിവിൽ സർവ്വീസ് കമ്മീഷന്റെ റീപ്ളേസ്മെന്റ് പദ്ധതി പ്രകാരം വിദ്യാഭ്യാസമന്ത്രാലയമാണ് ഏറ്റവും കൂടുതൽ വിദേശികളെ പിരിച്ചു വിട്ടത്.
സർക്കാർ മേഖലയിൽ വിദേശികളെ ഒഴിവാക്കുകയും പകരം സ്വദേശി ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ സർവീസ് കമ്മീഷൻ കഴിഞ്ഞ വര്ഷം റീപ്ളേസ്മെൻറ് അഥവാ ഇഹ്‌ലാൽ എന്ന പേരിൽ പഞ്ച വത്സര പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിനിടയിൽ 41000 വിദേശികളെ സേവനം അവസാനിപ്പിച്ചു തിരിച്ചയക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. ഇതനുസരിച്ചു 1507 വിദേശികളെയാണ് ഉത്തരവിറങ്ങിയ ആദ്യ വർഷത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് മാത്രം പിരിച്ചുവിട്ടത്. ആകെയുള്ള വിദേശി ഉദ്യോഗാർഥികളുടെ 54 ശതമാനം വരും മന്ത്രാലയത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം. ഒരു വർഷത്തിൽ 436 വിദേശികളെ ഒഴിവാക്കിയ ഔഖാഫ്-ഇസ്ലാമികകാര്യമന്ത്രാലയമാണ് ഇക്കാര്യത്തിൽ രണ്ടാമത്. മൊത്തം വിദേശികളിൽ 16 ശതമാനത്തെയാണ് ഔഖാഫ് പിരിച്ചുവിട്ടത്. ആരോഗ്യമന്ത്രലയം (273), ജല-വൈദ്യുതി മന്ത്രാലയം ( 158), ആഭ്യന്തരമന്ത്രാലയം ( 155) എന്നിവയാണ് നൂറിൽ കൂടുതൽ പേരെ പിരിച്ചു വിട്ട വകുപ്പുകൾ. 13523 സ്വദേശി ഉദ്യോഗാര്‍ത്ഥികൾ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലിനായി അപേക്ഷിച്ചു കാത്തിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.