കഴിഞ്ഞ വര്‍ഷം കുവെെത്തില്‍ നിന്നും ഒളിച്ചോടിയത് രണ്ടായിരം വിദേശ തൊഴിലാളികള്‍
|തൊഴിലാളിക്ക് കമ്പനിക്കെതിരെ പരാതി നൽകാൻ എം.എം.എസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ വർഷം കുവൈത്തിൽ സ്പോൺസർമാരിൽ നിന്ന് 20,000 വിദേശികള്‍ ഒളിച്ചോടിയെന്ന് മാൻപവർ അതോറിറ്റി. ഇൻഡെമിനിറ്റി ആനുകൂല്യങ്ങളും ഇഖാമ മാറ്റവുമായി ബന്ധപ്പെട്ട 16,626 പരാതികൾ അതോറിറ്റിക്ക് ലഭിച്ചതായും ഉപമേധാവി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഒളിച്ചോട്ടക്കേസുകൾ റിപ്പോർട്ട് ചെയ്യാൻ മാൻപവർ പബ്ലിക് അതോറിറ്റി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിലാളികൾ ഒളിച്ചോടിയാൽ 'അശാൽ' വെബ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം. നൽകിയ പരാതിയിൽ അന്വേഷണം ഏതുവരെയായി എന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഓൺലൈനിൽ സൗകര്യമുണ്ട്.
തൊഴിലാളിക്ക് കമ്പനിക്കെതിരെ പരാതി നൽകാൻ എം.എം.എസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കെതിരെ ഒളിച്ചോട്ട പരാതി ലഭിച്ചാൽ ആ വിവരം തൊഴിലാളിയെയും തൊഴിലുടമക്കെതിരെ ലഭിക്കുന്ന പരാതി സംബന്ധിച്ച് തൊഴിലുടമയെയും അറിയിക്കുന്നതിനായാണ് എസ്.എം.എസ് സംവിധാനം ഏർപ്പെടുത്തിയത്.
കഫേകൾ, ശീശകൾ എന്നിവക്കെതിരെ നടത്തിയ പരിശോധനകളിൽ 35,000 നിയമലംഘനങ്ങൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തി. ഇതിൽ 2870 എണ്ണം ശീശകൾക്കെതിരെയാണ്. 136 പരിശോധന കാമ്പയിനിൽ നിന്നാണ് ഇത്രയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. പരിശോധനകൾക്ക് ജി.പി.എസ് സംവിധാനവുമായി ബന്ധിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നത് സൗകര്യപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.