Latest News
‘അഭിഷേക് ബാനര്‍ജി കൊല്ലപ്പെട്ടാല്‍ എന്ത് സംഭവിക്കും?’ മമത ബാനര്‍ജിയുടെ അനന്തരവനെതിരെ വധഭീഷണിയുമായി ബിജെപി നേതാവ്
Latest News

‘അഭിഷേക് ബാനര്‍ജി കൊല്ലപ്പെട്ടാല്‍ എന്ത് സംഭവിക്കും?’ മമത ബാനര്‍ജിയുടെ അനന്തരവനെതിരെ വധഭീഷണിയുമായി ബിജെപി നേതാവ്

Web Desk
|
4 Aug 2018 4:08 PM GMT

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കെതിരെ വധഭീഷണിയുമായി ബിജെപി നേതാവ്. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവാണ് മമതക്കെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കെതിരെ വധഭീഷണിയുമായി ബിജെപി നേതാവ്. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് നിര്‍മല്‍ ചന്ദ്ര മൊണ്ഡലാണ് മമതക്കെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

''ചേച്ചീ(മമത ബാനര്‍ജി), നിങ്ങളുടെ അനന്തരവന്‍ അഭിഷേക്(അഭിഷേക് ബാനര്‍ജി) കൊല്ലപ്പെട്ടാല്‍ എന്ത് സംഭവിക്കും?''. ബി.ആർ.ബൗമിലെ എസ്.പി ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ വധഭീഷണി. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ബിജെപി പ്രതികാരം ചെയ്തവയായിരുന്നു എന്നും മൊണ്ഡല്‍ തുറന്നടിച്ചു. ''സി.പി.ഐ.എം ഒരു ബി.ജെ.പി പ്രവർത്തകനെ കൊന്നു. അപ്പോള്‍ ബി.ജെ.പി രണ്ട് സി.പി.ഐ.എമ്മുകാരെ വകവരുത്തി." ബി.ജെ.പിയുടെ ബിർഭം ജില്ലാ യൂണിറ്റ് നേതാവാണ് മൊണ്ഡല്‍. സംഭവത്തെ തൃണമൂൽ കോൺഗ്രസ് അപലപിക്കുകയും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാക്കുകയും ചെയ്തു.

"ഞങ്ങളുടെ നേതാവും അസുതോഷ് മുഖര്‍ജിയുടെ മകനുമായ ഡോ. ശ്യാമപ്രസാദ് മുഖർജി പറഞ്ഞിരിക്കുന്നത്, തെറ്റിനെ എതിര്‍ക്കാനാണ്. പ്രതികാരം ചെയ്യേണ്ടി വന്നാല്‍ അങ്ങിനെ. ഇപ്പോൾ ഞങ്ങള്‍ പ്രതികാരം ചെയ്യാ‍ന്‍ പോവുകയാണ്. ആർ.എസ്.എസ് ആണുങ്ങളുടെ സംഘടനയാണ്. സിപിഎം എന്താണെന്ന് അവരോട് ചോദിക്കൂ. കൊലപാതകികളുടെ ഒരു ക്രിമിനൽ പാർട്ടിയാണ് അത്. കേരളത്തിൽ അവർ ഞങ്ങളോട് പോരാടുന്നു. അവർ നമ്മുടെ ആളുകളിൽ ഒരാളെ കൊന്നാല്‍, ഞങ്ങള്‍ തിരിച്ച് രണ്ട് പേരെ കൊല്ലും. അത്തരം അക്രമം ഇവിടെ ഇപ്പോൾ സംഭവിക്കും." താന്‍ പറയുന്നതെല്ലാം വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന ബോധ്യം പോലുമില്ലാതെയായിരുന്നു മൊണ്ഡലിന്റെ വാക്കുകള്‍.

ഈ വർഷം ജൂണിൽ ബിജെപി തലവൻ ദിലീപ് ഘോഷും തന്റെ വിദ്വേഷ പ്രസംഗത്തിലൂടെ വിവാദം സൃഷ്ടിച്ചിരുന്നു. ടിഎംസി നേതാക്കളെയും പ്രവര്‍ത്തകരെയും എന്‍കൌണ്ടര്‍ ചെയ്യുമെന്നായിരുന്നു ദിലീഷ് ഘോഷിന്റെ ഭീഷണി. ജൽപായ്ഗുരിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പശ്ചിമബംഗാളിൽ രാഷ്ട്രീയ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ബി.ജെ.പിയും തൃണമൂൽ പ്രവർത്തകരും ഉൾപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Similar Posts