മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡന കൊലപാതകം: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷപ്രതിഷേധം
|ആര്‍ജെഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെത്തിയത്. രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും സുരക്ഷക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ബീഹാറിലെ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലുണ്ടായ പീഡന- കൊലപാതക കേസുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ വിഷയം ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെത്തിയത്. രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുകയും ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്ത സംഭവം ഉയർത്തിക്കാട്ടിയായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ ധര്‍ണയും മെഴുകിതിരി പ്രതിഷേധവും സംഘടിപ്പിച്ചത്.
പരിപാടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍, സിപിഐ, എസ്പി, ബിഎസ്പി, തൃണമൂല്‍കോഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എത്തി. സംഭവത്തില്‍ ആരോപണവിധേയരായ മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രി നിതീഷ്കുമാർ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.
ബിജെപിയിൽ നിന്ന് സ്‌ത്രീകളെ രക്ഷിക്കേണ്ട കാലമാണിതെന്നും പശുവിന്റെയും ലൗ ജിദാദിന്റയും പേരില്‍ ആക്രമങ്ങൾ പതിവായിരിക്കുകയാണെന്നും സീതാറാം യച്ചൂരി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവക്കണമെന്നും മുഴുവൻ പ്രതികള്‍ക്കും കൂടിയ ശിക്ഷ നല്‍കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.